ജയ്പൂർ: ഐപിഎൽ 2024 സീസണിലെ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചഹലിനെ തേടിയെത്തിയത് ഇത് വരെയും ഒരു ഇന്ത്യൻ താരവും നേടാത്ത അപൂർവ്വ റെക്കോർഡ്. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ പന്തിനെ ട്രെന്റ് ബോൾട്ടിന്റെ കൈകളിലെത്തിച്ചതോടെ ടി20 യിൽ 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചഹൽ മാറി. തന്റെ 301-ാം ടി20 മത്സരത്തിലായിരുന്നു ഈ അപൂർവ നേട്ടം താരം നേടിയത്.
ലോക ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഡിജെ ബ്രാവോയാണ്. 573 മത്സരങ്ങളിൽ നിന്ന് 625 വിക്കറ്റാണ് വെസ്റ്റ് ഇൻഡീസ് താരം നേടിയിട്ടുള്ളത്. 424 മത്സരങ്ങളിൽ നിന്ന് 572 വിക്കറ്റുമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തും 509 കളിയിൽ നിന്ന് 549 വിക്കറ്റുകൾ നേടി സുനിൽ നരെയ്ൻ മൂന്നാം സ്ഥാനത്തുമുണ്ട്. ഇമ്രാൻ താഹിർ (502), ഷക്കീബ് അൽ ഹസൻ (482) എന്നിവരാണ് ചാഹലിന് മുന്നിലുള്ള മറ്റ് താരങ്ങൾ.
ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും 33കാരൻ സ്വന്തമാക്കിയിരുന്നു. ഈ ഐപിഎൽ സീസണിൽ ഇത് വരെ 11 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്. 310 വിക്കറ്റുകളുമായി പിയൂഷ് ചൗളയാണ് ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടിയ രണ്ടാം താരം. 303 വിക്കറ്റുകളുമായി രവിചന്ദ്രൻ അശ്വിൻ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുമാണ്.