സില്ഹട്ട്: ബംഗ്ലാദേശിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന് വനിത ടീം. സില്ഹട്ട് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് നടന്ന അവസാന മത്സരത്തിലും ഇന്ത്യ അനായാസ വിജയം നേടി. ഇതോടെ അഞ്ച് മത്സരങ്ങളും ഇന്ത്യ ജയിച്ചു. ബംഗ്ലാദേശിന് സ്വന്തം നാട്ടില് നാണം കെട്ട പരമ്പര തോല്വി ഏറ്റു വാങ്ങേണ്ടി വന്നു. ബംഗ്ലാദേശിൽ തന്നെ അടുത്ത മാസങ്ങളിൽ നടക്കുന്ന ടി 20 വനിതാ ലോകകപ്പിന് തയ്യാറെടുക്കാൻ ഇന്ത്യക്ക് ഈ പരമ്പര വിജയം ആത്മവിശ്വാസമാകും.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന് വനിതകള്, നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 156 റണ്സെടുത്തു. മറുപടിയായി ആറ് വിക്കറ്റ് നഷ്ടത്തില് 135 റണ്സെടുക്കാനേ ബംഗ്ലാദേശിന് കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് 21 റണ്സ് ജയം. തുടര്ച്ചയായ രണ്ടാം മത്സരത്തിലും രണ്ട് വിക്കറ്റ് നേട്ടവുമായി മലയാളി താരം ആശ ശോഭന രാജ്യത്തിനായി തിളങ്ങി. ഇന്ത്യക്കുവേണ്ടി ഹേമലത (28 പന്തില് 37), സ്മൃതി മന്ദാന (25 പന്തില് 33), ക്യാപ്റ്റന് ഹര്മന്പ്രീത് കൗര് (24 പന്തില് 30), റിച്ച ഘോഷ് (17 പന്തില് 28) എന്നിവര് തിളങ്ങി. ബംഗ്ലാദേശിനായി റാബിയ ഖാന്, നഹിദ അക്തര് എന്നിവര് രണ്ടും സുല്ത്താന ഖാത്തുന് ഒന്നും വിക്കറ്റുകള് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി റിഥു മൊനി (37), ഷൊരിഫ ഖാത്തുന് (28), റൂബിയ ഹൈദര് (20) എന്നിവര് മാത്രമേ കാര്യമായ സംഭാവന നല്കിയുള്ളൂ.
രാധ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ആശ ശോഭനയുടെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് ബംഗ്ലാദേശിന്റെ തോല്വി ഉറപ്പാക്കിയത്. രാധ നാലോവറില് 24 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്, ആശ അത്രതന്നെ ഓവറില് 25 റണ്സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ടൈറ്റസ് സാധുവിനാണ് ഒരു വിക്കറ്റ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് സ്മൃതി മന്ദാനയാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 116 റൺസാണ് താരം നേടിയത്. ഇന്ത്യയുടെ തന്നെ ഹേമലത 109 റൺസും ഹർമൻ പ്രീത് 106 റൺസും നേടി. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ രാധ യാദവാണ് ടൂർണമെന്റ് വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ ഹെഡും കൂട്ടരും 300 കടന്നേനെ; സച്ചിൻ ടെണ്ടുൽക്കർ