മുംബൈ: മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യയെക്കുറിച്ച് മോശം പരാമര്ശം നടത്തിയ മുന് താരങ്ങളായ എ ബി ഡി വില്ലിയേഴ്സിനെയും കെവിന് പീറ്റേഴ്സണെയും രൂക്ഷമായി വിമര്ശിച്ച് ഗൗതം ഗംഭീര്. ഹാര്ദ്ദിക് പാണ്ഡ്യ ഈഗോയുള്ള ക്യാപ്റ്റനാണെന്നും മുംബൈ പോലുള്ള പരിചയസമ്പന്നരായ താരങ്ങളുള്ള ടീമിന് അത്തരം ക്യാപ്റ്റന്സി വെല്ലുവിളിയാണെന്നുമായിരുന്നു ഡി വില്ലിയേഴ്സ് വിമര്ശിച്ചത്. എന്നാല് ഹാര്ദ്ദിക്കിനെ വിമര്ശിക്കാന് ഡി വില്ലിയേഴ്സിനും പീറ്റേഴ്സണും ഒരു യോഗ്യതയുമില്ലെന്ന് ഗംഭീര് തുറന്നടിച്ചു.
'വിദഗ്ധര് പറയുന്നതില് എല്ലാം കാര്യമുണ്ടാവണമെന്നില്ല. എന്തെങ്കിലുമൊക്കെ പറയുക എന്നത് അവരുടെ ജോലിയാണ്. ഒരാളുടെ ക്യാപ്റ്റന്സി വിലയിരുത്തുന്നത് അവരുടെ ടീമിന്റെ പ്രകടനത്തിലൂടെയാണ്. ഈ സീസണില് മുംബൈ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നുവെങ്കില് എല്ലാ വിദഗ്ധരും ഹാര്ദ്ദിക്കിനെ പുകഴ്ത്തുമായിരുന്നു. എന്നാല് ഇപ്പോള് മുംബൈ നല്ല പ്രകടനം പുറത്തെടുക്കാത്തതുകൊണ്ട് എല്ലാവരും ഹാര്ദ്ദിക് പാണ്ഡ്യയ്ക്കെതിരായി പറയുന്നു', ഗംഭീര് പറഞ്ഞു.
രോഹിത് വലിയ കളികളിലെ വലിയ രാജാവ്; ഇപ്പോഴത്തെ മോശം ഫോമില് ആശങ്ക വേണ്ടെന്ന് ഗാംഗുലിഹാര്ദ്ദിക് പാണ്ഡ്യയ്ക്ക് അല്പ്പം സമയം കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 'ഹാര്ദ്ദിക് മറ്റൊരു ഫ്രാഞ്ചൈസിയില് നിന്ന് വന്നതാണെന്നും അദ്ദേഹത്തിന് അല്പ്പം സമയം ആവശ്യമാണെന്നും തിരിച്ചറിയുന്നത് പ്രധാനമാണ്', ഗംഭീര് വ്യക്തമാക്കി.
'ഹാര്ദ്ദിക്കിന്റെ ക്യാപ്റ്റന്സിയെ വിമര്ശിക്കുന്ന എ ബി ഡി വില്ലിയേഴ്സും കെവിന് പീറ്റേഴ്സണും അവരുടെ ടീമിന്റെ ക്യാപ്റ്റന്മാര് ആയിരുന്നപ്പോള് എന്ത് പ്രകടനമാണ് കാഴ്ച വെച്ചത്. ക്യാപ്റ്റനെന്ന നിലയില് ഇരുവരും യാതൊന്നും നേടിയിട്ടുണ്ടെന്ന് ഞാന് കരുതുന്നില്ല. ഹാര്ദ്ദിക് ഒരു ഐപിഎല് കിരീടം വിജയിച്ച ക്യാപ്റ്റനാണ്. അതിനാല് തന്നെ ഓറഞ്ചിനെ ആപ്പിളുമായി താരതമ്യപ്പെടുത്തരുത്', ഗംഭീർ തുറന്നടിച്ചു.