മുംബൈ: 2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി മാറ്റാന് ശ്രമിച്ചെന്ന് റിപ്പോര്ട്ട്. പാകിസ്ഥാനെതിരെ ഓറഞ്ച് കളര് ജേഴ്സിയില് കളിക്കാന് ബിബിസിഐ കളിക്കാരോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് മാധ്യമമായ 'വിസ്ഡന്' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തല്.
2023 ലെ ലോകകപ്പില് ഇന്ത്യ പതിവ് നീല ജേഴ്സിയിലാണ് കളിച്ചിരുന്നത്. പരിശീലക ജേഴ്സിയായി ഓറഞ്ച് കിറ്റും നല്കിയിരുന്നു. എന്നാല് അഹമ്മദാബാദില് നടന്ന പാകിസ്താനെതിരായ പ്രധാന മത്സരത്തിന് രണ്ട് ദിവസം മുന്പ് ഓറഞ്ച് നിറത്തിലുളള ജേഴ്സി കളിക്കാര്ക്ക് നല്കി. പാകിസ്ഥാനെതിരെ ഇന്ത്യ ഓറഞ്ച് ജേഴ്സിയില് കളിക്കണമെന്നായിരുന്നു ബിസിസിഐ നിര്ദേശം. എന്നാല് ഈ നിര്ദേശത്തോട് കളിക്കാര് വിയോജിക്കുകയായിരുന്നു. ഇന്ത്യന് ക്രിക്കറ്റിന്റെ രാഷ്ട്രീയവല്ക്കരണം എന്ന തലക്കെട്ടില് സ്പോര്ട്സ് ലേഖികയായ ഷാര്ദ ഉഗ്ര എഴുതിയ ലേഖനത്തിലാണ് വിവാദ വെളിപ്പെടുത്തല്.
ഒരു വിഭാഗം കളിക്കാര് ഇത് ഹോളണ്ടിന്റെ ജേഴ്സിയോട് സാമ്യമുളളതാണെന്ന് ചൂണ്ടിക്കാണിച്ചു. മറ്റൊരു വിഭാഗം ഇത് ടീമിലുളള എല്ലാവരേയും ഉള്ക്കൊളളുന്ന ജേഴ്സിയായി തോന്നുന്നില്ലെന്നും ചിലര്ക്കെങ്കിലും ഇത് അനാദരവായി തോന്നിയേക്കാം എന്നും പറഞ്ഞതായും ലേഖനത്തില് പറയുന്നു. എന്നിരുന്നാലും പാകിസ്താനെതിരെ നീല ജഴ്സിയില് തന്നെയാണ് ഇന്ത്യ കളിച്ചത്.
2019 ലെ ലോകകപ്പില് ഇംഗ്ലണ്ടിനെതിരായ മത്സരത്തില് നീലയും ഓറഞ്ചും നിറത്തിലുളള ജേഴ്സിയില് കളിച്ചിരുന്നു. അത് പിന്നീട് ലേലം ചെയ്യുകയും കാരുണ്യ പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. അതിന് സമാനമായ രീതിയില് ഉപയോഗിക്കാം എന്നതായിരുന്നു ബിസിസിഐയുടെ വാദം. എന്നാല് നിറം മാറ്റത്തിന് പിന്നിലുളള രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കളിക്കാര് അത് ധരിക്കാന് വിസമ്മതിച്ചെന്നും ലേഖനത്തില് പറയുന്നു.