ഹൈദരാബാദ്: സണ്‍റൈസേഴ്സ് താരം അഭിഷേക് ശര്‍മ്മയ്ക്കെതിരെ താന്‍ ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ലീഗിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ ഹൈദരാബാദ് നാല് വിക്കറ്റിന് തോല്‍പ്പിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു കമ്മിന്‍സ്. മത്സരത്തില്‍ നിര്‍ണായക അര്‍ദ്ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മയാണ് (28 പന്തില്‍ നിന്ന് 66 റണ്‍സ്) ഹൈദരാബാദിന്റെ വിജയ ശില്‍പ്പിയായത്.
'അഭിഷേക് എന്നെ അതിശയപ്പെടുത്തുന്നതിനൊപ്പം ഭയപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന്റെ ബാറ്റിംഗ് പ്രകടനം എന്നെ ഭയപ്പെടുത്തുന്നു. പേസര്‍മാര്‍ക്കെതിരെ മാത്രമല്ല സ്പിന്നര്‍മാര്‍ക്കെതിരെയും അഭിഷേക് സ്വാതന്ത്ര്യത്തോടെ കളിക്കുന്നു', കമ്മിന്‍സ് പറഞ്ഞു.
റൺറൈസിൽ ഹൈദരാബാദ്; പഞ്ചാബിനെ നാല് വിക്കറ്റിന് വീഴ്ത്തിപഞ്ചാബിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് ലക്ഷ്യത്തിലെത്തി. 17 പോയിന്റുമായി സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രണ്ടാമത്. മെയ് 21ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനൊരുങ്ങുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്.