ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരങ്ങൾ കാണുമ്പോഴുള്ള സമ്മർദത്തെക്കുറിച്ചു തുറന്നു പറഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. 'സമ്മർദമേറിയ മത്സരങ്ങളാണ് ആർസിബിക്ക് എന്നും മുന്നിലുണ്ടാകുക. വനിതാ പ്രീമിയർ ലീഗിലും ഇതേ സാഹചര്യമായിരുന്നു.' മന്ദാന പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആർസിബിയുടെ കളി കാണാൻ കഴിഞ്ഞ ദിവസം മന്ദാന ചിന്നസാമി സ്റ്റേഡിയത്തിലെത്തിയിരുന്നു. ആർസിബി വനിതാ താരങ്ങളായ ശ്രേയാങ്ക പാട്ടീൽ, ആശ ശോഭന, രേണുക സിങ് എന്നിവരും സ്മൃതിക്കൊപ്പമുണ്ടായിരുന്നു. 'കളിക്കുന്നതിനേക്കാളും സമ്മർദമുള്ളത് കളി കാണുമ്പോഴാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി. ടീമിനു മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഐപിഎൽ സീസണിലാകെ ഗംഭീര പ്രകടനമാണ് പുരുഷ ടീം നടത്തിയത്'. ടീമിന്റെ തിരിച്ചു വരവിനെക്കുറിച്ച് മന്ദാന പ്രതികരിച്ചു.
‘വനിതാ ലീഗിൽ ഞങ്ങളും ഇതേ അവസ്ഥയിലായിരുന്നു. ആദ്യത്തെ രണ്ടോ, മൂന്നോ മത്സരങ്ങള് ജയിച്ച ശേഷം പിന്നീടു കുറച്ചു കളികൾ മോശമായി. സെമി സാധ്യതകൾ അവസാനിക്കുന്ന ഘട്ടത്തിൽ നിന്ന് തിരിച്ചു വന്നാണ് കിരീടം നേടിയത്. സമാന സാഹചര്യത്തിൽ നിന്ന് തിരിച്ചു വന്ന പുരുഷ ടീമും ഇത്തവണ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ്.'- മന്ദാന പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് തോൽപിച്ചാണ് ബെംഗളൂരു ഐപിഎൽ പ്ലേ ഓഫിൽ കടന്നത്. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ആർസിബി നേരിടും. ഇന്ന് നടന്ന ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ സൺ റൈസേഴ്സിനെ തോൽപ്പിച്ച് കൊൽക്കത്ത ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. രണ്ടാം ക്വാളിഫയറിൽ ബെംഗളൂരു- രാജസ്ഥാൻ എലിമിനേറ്റർ വിജയികൾക്ക് സൺറൈസേഴ്സ് ഹൈദരാബാദാവും എതിരാളികൾ.
അഹമ്മദാബാദിൽ കൊൽക്കത്തൻ നൈറ്റ്; ഹൈദരാബാദിനെ തോൽപ്പിച്ച് ഫൈനലിൽ