അഹമ്മദാബാദ്: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പരാജയം വഴങ്ങിയ സണ്റൈസേഴ്സ് ഹൈദരാബാദിനെ വിമര്ശിച്ച് മുന് താരം ആകാശ് ചോപ്ര. നിര്ണായക മത്സരത്തില് മോശം ബാറ്റിംഗാണ് ഹൈദരാബാദ് കാഴ്ചവെച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 159 റണ്സിന് ഓള്ഔട്ടായിരുന്നു.
ഹൈദരാബാദ് നിരയില് കേവലം നാല് താരങ്ങള് മാത്രമാണ് രണ്ടക്കം കടന്നത്. രാഹുല് ത്രിപാഠി (55), ഹെന്റിച്ച് ക്ലാസന് (32), പാറ്റ് കമ്മിന്സ് (30), അബ്ദുല് സമദ് (16) എന്നിവരാണ് ഭേദപ്പെട്ട സംഭാവന നല്കിയത്. ഒന്പതാമനായി ഇറങ്ങിയ ക്യാപ്റ്റന് കമ്മിന്സ് മാത്രമാണ് വാലറ്റത്ത് ചെറുത്തുനിന്നത്. 24 പന്തില് 30 റണ്സെടുത്ത കമ്മിന്സിനെ ആന്ദ്രേ റസല് പുറത്തായതോടെയാണ് ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് ആകാശ് ചോപ്ര വിമര്ശനവുമായി രംഗത്തെത്തിയത്.
ഹൈദരാബാദിന് ഫൈനലിലെത്താന് ഇനിയും അവസരമുള്ളത് നന്നായി; ആത്മവിശ്വാസം പ്രകടിപ്പിച്ച് കമ്മിന്സ്'ഹൈദരാബാദ് നിരയില് പാറ്റ് മാത്രമാണ് പൊരുതിയത്. അദ്ദേഹത്തിന് അതിന് സാധിക്കുകയും ചെയ്യും. പക്ഷേ പാറ്റ് മാത്രം ബാറ്റ് ചെയ്താല് എന്താണ് സംഭവിക്കുക? കൊല്ക്കത്തയ്ക്കെതിരായ മത്സരത്തില് ഹൈദരാബാദിന്റെ മൂന്നാമത്തെ ടോപ് സ്കോററായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ ടീം ഒരുപാട് പിന്നിലായിപ്പോയി. 250 റണ്സ് അടിച്ചുകൂട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഹൈദരാബാദ് ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. പക്ഷേ 175 എന്നുള്ളത് പോലും എത്തിപ്പിടിക്കാനാവാതെ ഹൈദരാബാദ് ഓള്ഔട്ടായി',ആകാശ് ചോപ്ര പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ബൗളിങ്ങിലും ബാറ്റിങ്ങിലും നൈറ്റ് റൈഡേഴ്സ് സമ്പൂര്ണ ആധിപത്യം പുലര്ത്തുന്നതാണ് കാണാനായത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്റൈസേഴ്സിനെ 159 റണ്സിന് ഓള്ഔട്ടാക്കാന് കൊല്ക്കത്തയ്ക്ക് സാധിച്ചു. മിച്ചല് സ്റ്റാര്ക്ക് മൂന്നും വരുണ് ചക്രവര്ത്തി രണ്ടും വിക്കറ്റുകള് വീഴ്ത്തി. പന്തെറിഞ്ഞ എല്ലാവരും ഓരോ വിക്കറ്റ് സ്വന്തമാക്കിയപ്പോള് 19.3 ഓവറില് സണ്റൈസേഴ്സ് കൂടാരം കയറി. മറുപടി ബാറ്റിങ്ങില് 13.4 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് കൊല്ക്കത്ത വിജയത്തിലെത്തി.