'ഞങ്ങള് പരസ്പരം വളരെയധികം ത്യാഗങ്ങള് സഹിച്ചു'; നന്ദിയറിയിച്ച് ക്യാപ്റ്റന് ശ്രേയസ് അയ്യര്

എക്സിലൂടെയായിരുന്നു കൊല്ക്കത്ത ക്യാപ്റ്റന്റെ പ്രതികരണം

dot image

ചെന്നൈ: ഐപിഎല് കിരീടനേട്ടത്തിന് പിന്നാലെ നന്ദിയറിയിച്ച് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന് ശ്രേയസ് അയ്യര്. പാറ്റ് കമ്മിന്സ് നയിക്കുന്ന സണ്റൈസേഴ്സ് ഹൈദരാബാദിനെ കലാശപ്പോരില് എട്ട് വിക്കറ്റിന് തകര്ത്താണ് ശ്രേയസ് അയ്യരും സംഘവും കപ്പുയര്ത്തിയത്. പത്ത് വര്ഷത്തിന് ശേഷമാണ് കൊല്ക്കത്ത ഐപിഎല് ജേതാക്കളാവുന്നത്. പിന്നാലെയാണ് വിജയത്തില് പ്രതികരിച്ച് ക്യാപ്റ്റന് ശ്രേയസ് രംഗത്തെത്തിയത്.

'എന്റെ മുഴുവന് കെകെആര് കുടുംബത്തിനും നന്ദി. ഈ നിമിഷത്തിന് വേണ്ടി നമ്മള് അക്ഷീണം പ്രയത്നിച്ചു. നമ്മള് പരസ്പരം മത്സരിച്ചു. നമ്മള് പരസ്പരം വളരെയധികം ത്യാഗങ്ങള് സഹിച്ചു. എല്ലാം ഈ വലിയ കിരീടം നമ്മുടെ കൈകളിലെത്തിക്കാനായിരുന്നു. ടീം ഉടമകള്ക്ക്, മാനേജ്മെന്റിന്, കോച്ചിംഗ് സ്റ്റാഫുകള്ക്ക്, ടീമംഗങ്ങള്ക്ക്, ആരാധകര്ക്ക് എല്ലാവര്ക്കും എന്റെ ഹൃദയത്തില് നിന്ന് നന്ദി അറിയിക്കുന്നു', ശ്രേയസ് എക്സില് കുറിച്ചു.

സീസണില് ഏറ്റവും സ്ഥിരതയോടെ കളിച്ച് ഒന്നാം സ്ഥാനക്കാരായാണ് ശ്രേയസ്സും സംഘവും ഫൈനലിലേക്ക് എത്തിയത്. ചെന്നൈയില് നടന്ന കലാശപ്പോരില് കൂറ്റനടിക്കാരായ ഹൈദരാബാദ് ബാറ്റര്മാരെ പിടിച്ചുകെട്ടാനും കൊല്ക്കത്തയ്ക്ക് സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്റൈസേഴ്സിനെ 18.3 ഓവറില് വെറും 113 റണ്സിന് കൊല്ക്കത്ത പുറത്താക്കി. ഐപിഎല് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനല് സ്കോറാണിത്. മറുപടി ബാറ്റിംഗില് 10.3 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് കൊല്ക്കത്ത വിജയം സ്വന്തമാക്കി.

കൊല്ക്കത്ത മൂന്നാം തവണയാണ് ഐപിഎല് കിരീടം ഉയര്ത്തുന്നത്. 2012, 2014 സീസണുകളില് കൊല്ക്കത്ത ഗംഭീറിന്റെ ക്യാപ്റ്റന്സിക്ക് കീഴിലാണ് ഐപിഎല് ചാമ്പ്യന്മാരായത്. 10 വര്ഷങ്ങള്ക്ക് ശേഷം ടീമിന്റെ ഉപദേശകനായി ഗംഭീര് ചുമതലയേറ്റ ആദ്യ വര്ഷം തന്നെ കെകെആറിന് മൂന്നാമത്തെ കിരീടവും ലഭിച്ചു. ക്യാപ്റ്റനായും ടീം മെന്ററായും ഒരേ ടീമിന് കിരീടം നേടിക്കൊടുത്ത ആദ്യ താരവും ഗംഭീറാണ്.

dot image
To advertise here,contact us
dot image