'നമ്മള് വീണ്ടുമത് നേടി'; പരസ്പരം എടുത്തുയര്ത്തി ആഘോഷിച്ച് ഗംഭീറും നരെയ്നും, വീഡിയോ

ഐപിഎല് 2024 സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് സുനില് നരെയ്നെയാണ്

dot image

ചെന്നൈ: ഐപിഎല് 17-ാം സീസണ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈയില് നടന്ന കലാശപ്പോരില് സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്ത്താണ് ശ്രേയസ് അയ്യരും സംഘവും കിരീടം ഉയര്ത്തിയത്. വിജയത്തിന് പിന്നാലെ കൊല്ക്കത്തയുടെ സ്റ്റാര് ഓള്റൗണ്ടര് സുനില് നരെയ്നും ടീം മെന്റര് ഗൗതം ഗംഭീറും തമ്മിലുള്ള ആഘോഷമാണ് സോഷ്യല് മീഡിയയില് ഇപ്പോള് വൈറലാവുന്നത്.

ഫൈനലിലെ വിജയത്തിന് ശേഷം വലിയ സന്തോഷത്തോടെയാണ് ഇരു താരങ്ങളെയും ഗ്രൗണ്ടില് കണ്ടത്. ആദ്യം നരെയ്നാണ് ഗംഭീറിനെ എടുത്തുയര്ത്തിയത്. പിന്നാലെ ഗംഭീറും സുഹൃത്തായ നരെയ്നെ എടുത്തുപൊക്കി. നരെയ്ന് സന്തോഷത്തോടെ കൈകള് ഉയര്ത്തി ആഘോഷിക്കുന്നതും വീഡിയോയില് കാണാം.

മൂന്നാം തവണയാണ് കൊല്ക്കത്ത ഐപിഎല് ചാമ്പ്യന്മാരാവുന്നത്. മൂന്ന് തവണയും ഗൗതം ഗംഭീറും സുനില് നരെയ്നും കൊല്ക്കത്തയ്ക്കൊപ്പമുണ്ടായിരുന്നു. 2012ലും 2014ലും കൊല്ക്കത്ത കപ്പുയര്ത്തിയത് ഗംഭീറിന്റെ ക്യാപ്റ്റന്സിയിലായിരുന്നു. അന്ന് ടീമിലെ സുപ്രധാന താരങ്ങളിലൊരാളായിരുന്നു നരെയ്ന്. പത്ത് വര്ഷത്തിനിപ്പുറം ഗംഭീര് മെന്ററായി എത്തിയപ്പോഴാണ് കൊല്ക്കത്തയിലേക്ക് മൂന്നാം കിരീടം എത്തിയത്. അപ്പോഴും നരെയ്ന് നിര്ണായക താരമായി ടീമിലുണ്ട്.

ഐപിഎല് 2024 സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുനില് നരെയ്നെയാണ്. കൊല്ക്കത്തയെ ഐപിഎല് കിരീടത്തിലേക്ക് നയിച്ചതില് സുനില് നരെയ്ന്റെ ഓള്റൗണ്ട് മികവ് വലിയ പങ്കാണ് വഹിച്ചത്.

ബാറ്റിംഗിലും ബൗളിംഗിലും അത്യുജ്ജ്വല പ്രകടനം കാഴ്ച വെച്ചാണ് നരെയ്നെ മോസ്റ്റ് വാല്യുവബിള് പ്ലെയര് (എംവിപി) പുരസ്കാരത്തിന് അര്ഹനാക്കിയത്. 15 മത്സരങ്ങളില് നിന്ന് 488 റണ്സ് അടിച്ചുകൂട്ടിയ നരെയ്ന് സീസണിലെ റണ്വേട്ടക്കാരില് ഒന്പതാം സ്ഥാനത്താണ്. 109 റണ്സാണ് ഉയര്ന്ന സ്കോര്. മൂന്ന് അര്ധ സെഞ്ചുറി ഒരു സെഞ്ചുറിയും നരെയ്ന് സ്വന്തമാക്കി.

സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില് 11-ാമതാണ് നരെയ്ന്. 15 മത്സരങ്ങളില് നിന്ന് 17 വിക്കറ്റാണ് നരെയ്ന്റെ സമ്പാദ്യം. കൂടാതെ ഏഴ് ക്യാച്ചുകളും മൂന്ന് റണ്ണൗട്ടുകളുമായി ഫീല്ഡിലും നരെയ്ന് മിന്നും പ്രകടനം കാഴ്ചവെച്ചു.

'ഇതിലും വലിയ പിറന്നാള് സമ്മാനം ലഭിക്കാനില്ല'; ഐപിഎല്ലിലെ മികച്ച താരമായി സുനില് നരെയ്ന്

ഐപിഎല്ലില് മൂന്നാം തവണയാണ് നരെയ്ന് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുന്പ് 2012ലും 2018ലുമാണ് നരെയ്ന് പുരസ്കാരം സ്വന്തമാക്കിയത്. സീസണിലെ ഫാന്റസി പ്ലെയര് പുരസ്കാരവും സുനില് നരെയ്ന് ലഭിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us