ഷാരൂഖ് അന്ന് വാക്കുതന്നു; ഫൈനലിലെ ഫ്ളൈയിംഗ് കിസ്സ് സെലിബ്രേഷന് പിന്നിലെ കഥ പറഞ്ഞ് ഹർഷിത്

കൊല്ക്കത്തയുടെ കിരീടനേട്ടത്തിന് ശേഷം ടീം ഉടമ ഷാരൂഖ് ഖാന് തന്നെയാണ് എല്ലാവരോടും ഫ്ളൈയിംഗ് കിസ്സ് നല്കി ആഘോഷിക്കാന് ആവശ്യപ്പെട്ടത്

dot image

ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ ഫൈനലില് കപ്പുയര്ത്തിയതിന് ശേഷം കൊല്ക്കത്ത ടീമംഗങ്ങളെല്ലാം ഫ്ളൈയിംഗ് കിസ്സ് നല്കി ആഘോഷിച്ചത് വാര്ത്തയായിരുന്നു. ഫ്ളൈയിംഗ് കിസ്സ് നല്കി വിക്കറ്റ് ആഘോഷിച്ചതിന് നടപടി നേരിട്ട കൊല്ക്കത്തന് പേസര് ഹര്ഷിത് റാണയ്ക്ക് വേണ്ടിയാണ് ടീം ഒന്നടങ്കം അത്തരത്തില് ആഘോഷിച്ചത്. ഇപ്പോള് ഫൈനലിലെ ഫ്ളൈയിംഗ് കിസ്സ് ആഘോഷത്തിന് പിന്നിലെ കഥ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹർഷിത്.

'ഒരു മത്സരത്തില് നിന്ന് വിലക്ക് ലഭിച്ചതിന് ശേഷം ഞാന് ആകെ വിഷമത്തിലായിരുന്നു. അപ്പോള് ഷാരൂഖ് സാര് എന്റെയടുത്ത് വന്ന് പറഞ്ഞു, 'ടെന്ഷന് ആവേണ്ട. നമുക്കിത് ട്രോഫിയുമായി ആഘോഷിക്കാം'. കപ്പുയര്ത്തുമ്പോള് മുഴുവന് ടീമും ഫ്ളൈയിംഗ് കിസ്സ് സെലിബ്രേഷന് നടത്തുമെന്ന് അദ്ദേഹം എനിക്ക് വാക്കുനല്കി', ഹര്ഷിത് ഇന്ത്യന് എക്സ്പ്രസിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.

ഹര്ഷിത്തിന് വേണ്ടി കൊല്ക്കത്തയുടെ മധുരപ്രതികാരം; താരങ്ങളോട് ഫ്ളൈയിംഗ് കിസ്സ് നല്കാന് ഷാരൂഖ്

ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ കൊല്ക്കത്ത താരം ഹര്ഷിത് റാണയുടെ ഫ്ളൈയിംഗ് കിസ് ആഘോഷം വിവാദമായിരുന്നു. ഹൈദരാബാദ് താരം മായങ്ക് അഗര്വാളിന്റെ വിക്കറ്റാണ് ഹര്ഷിത് ഫ്ളൈയിംഗ് കിസ് നല്കി ആഘോഷിച്ചത്. ഇതിന് പിന്നാലെ താരത്തിന് പിഴശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

ഫൈനലില് അതേ സണ്റൈസേഴ്സിനെ തകര്ത്ത് കിരീടമുയര്ത്തിയതിന് ശേഷം ടീം ഒന്നടങ്കം ആഘോഷിച്ചത് ഫ്ളൈയിംഗ് കിസ്സ് നല്കിയാണ്. കൊല്ക്കത്തയുടെ കിരീടനേട്ടത്തിന് ശേഷം ടീം ഉടമ ഷാരൂഖ് ഖാന് തന്നെയാണ് എല്ലാവരോടും ഫ്ളൈയിംഗ് കിസ്സ് നല്കി ആഘോഷിക്കാന് ആവശ്യപ്പെട്ടത്. ഹര്ഷിത്തിനെതിരെ നടപടി സ്വീകരിച്ച ബിസിസിഐയ്ക്കുള്ള മറുപടിയെന്നോണമാണ് കൊല്ക്കത്ത ഇത്തരത്തില് ആഘോഷിച്ചതെന്നും വിലയിരുത്തലുണ്ട്.

കൊല്ക്കത്തയ്ക്ക് വേണ്ടി സീസണിലെ 13 മത്സരങ്ങളില് നിന്ന് 19 വിക്കറ്റുകളാണ് ഹര്ഷിത് വീഴ്ത്തിയത്. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനലിലും ഹര്ഷിത് രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. നാല് ഓവറില് വെറും 24 റണ്സ് വിട്ടുകൊടുത്താണ് താരം രണ്ട് വിക്കറ്റ് നേടിയത്. നിതീഷ് കുമാര് റെഡ്ഡിയെയും ഹെന്റിച്ച് ക്ലാസനെയുമാണ് ഹര്ഷിത് പുറത്താക്കിയത്.

ചെന്നൈയില് നടന്ന കലാശപ്പോരില് എട്ട് വിക്കറ്റിന്റെ വിജയമാണ് കൊല്ക്കത്ത സ്വന്തമാക്കിയത്. കൂറ്റനടിക്കാരായ ഹൈദരാബാദ് ബാറ്റര്മാരെ പിടിച്ചുകെട്ടാനും കൊല്ക്കത്തയ്ക്ക് സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്റൈസേഴ്സിനെ 18.3 ഓവറില് വെറും 113 റണ്സിന് കൊല്ക്കത്ത പുറത്താക്കി. ഐപിഎല് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനല് സ്കോറാണിത്. മറുപടി ബാറ്റിംഗില് 10.3 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് കൊല്ക്കത്ത വിജയം സ്വന്തമാക്കി.

dot image
To advertise here,contact us
dot image