ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിൽ അക്സർ പട്ടേലിന്റെ ക്യാച്ചിനെ അഭിനന്ദിച്ച് ഹാർദ്ദിക്ക് പാണ്ഡ്യ. ആ ക്യാച്ചെടുക്കാൻ അക്സർ നടത്തിയത് വലിയൊരു ശ്രമമായിരുന്നു. കണ്ണിന്റെയും കൈയ്യുടെയും ഏകോപനമാണ് അത്തരമൊരു ക്യാച്ചിന് സഹായമായതെന്നും ഹാർദ്ദിക്ക് വിലയിരുത്തി.
മത്സരത്തിലെ തന്റെ പ്രകടനത്തെക്കുറിച്ചും ഹാർദ്ദിക്ക് സംസാരിച്ചു. രാജ്യത്തിന് വേണ്ടി കളിക്കുന്നത് എപ്പോഴും സ്പെഷ്യലാണ്. എപ്പോഴും അഭിമാനമാണ്. താൻ നേടിയ ആദ്യ വിക്കറ്റ് ഏറെ സന്തോഷം നൽകുന്നു. താൻ പന്തെറിയുമ്പോൾ സാധാരണായായി വിക്കറ്റ് തെറിക്കാറില്ല. കാരണം ഷോർട്ട് ലെങ്തിലാണ് താൻ പന്തെറിയുന്നതെന്ന് ഹാർദ്ദിക്ക് പറഞ്ഞു
ന്യൂയോർക്ക് ഹിറ്റ്സ്; ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
ഇന്ന് ഷോർട്ട് ലെങ്തിൽ പന്തെറിയുന്നതിനേക്കാൾ ഫുൾ ലെങ്തിൽ പന്തെറിയാൻ താൻ ആഗ്രഹിച്ചു. അത്തരത്തിലുള്ള ഒരു പിച്ചിലായിരുന്നു ഇന്ന് മത്സരം നടന്നത്. അതുപോലെ ഇത്ര വലിയൊരു ജനക്കൂട്ടത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യക്കാർ ലോകത്തെവിടെയുമുണ്ട്. ഇന്ത്യക്കാരാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ആരാധകരുടെ വലിയ പിന്തുണയുണ്ടായതിൽ സന്തോഷമെന്നും ഹാർദ്ദിക്ക് പാണ്ഡ്യ വ്യക്തമാക്കി.