ടെക്സാസ്: ട്വന്റി 20 ലോകകപ്പില് നേപ്പാളിനെതിരെ നെതര്ലന്ഡ്സിന് വിജയം. ഡാളസില് നടന്ന മത്സരത്തില് ആറ് വിക്കറ്റിന്റെ വിജയമാണ് ഡച്ചുപട സ്വന്തമാക്കിയത്. മത്സരത്തില് ആദ്യം ബാറ്റുചെയ്ത നേപ്പാള് 106 റണ്സിന് ഓള്ഔട്ടായപ്പോള് നെതര്ലന്ഡ്സ് എട്ട് പന്തുകള് ബാക്കിനില്ക്കേ വിജയത്തിലെത്തി.
Max O'Dowd's gritty 54* guides the Netherlands to a victory against Nepal in Dallas 👏#T20WorldCup | #NEDvNEP | 📝: https://t.co/B1xT0kd9Xa pic.twitter.com/SeQZsP8F83
— ICC (@ICC) June 4, 2024
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാള് നാല് പന്തുകള് ശേഷിക്കെയാണ് 106 റണ്സിന് കൂടാരം കയറിയത്. ക്യാപ്റ്റന് രോഹിത് പൗഡേലിന് (35) മാത്രമാണ് നേപ്പാള് നിരയില് തിളങ്ങാനായത്. മറ്റാരെയും 20 റണ്സ് പോലും തികയ്ക്കാന് ഡച്ച് ബൗളര്മാര് അനുവദിച്ചില്ല. വാലറ്റത്ത് അല്പ്പമെങ്കിലും പിടിച്ചുനിന്ന കെസി കരണ് (17), ഗുല്സന് ജാ (14) എന്നിവരാണ് ടീം ടോട്ടല് 100 കടത്തിയത്.
കുഞ്ഞന് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡച്ചുപട വിജയത്തിലെത്താന് നന്നായി വിയര്ത്തു. അനായാസം ചേസ് ചെയ്യാമായിരുന്ന 107 റണ്സ് ലക്ഷ്യത്തിലേക്ക് 19ാമത്തെ ഓവറിലെ നാലാമത്തെ പന്തിലാണ് നെതര്ലന്ഡ്സ് ടീം എത്തിയത്. നെതര്ലന്ഡ്സിനെ അവസാനം വരെ സമ്മര്ദ്ദത്തിലാക്കാന് നേപ്പാള് ബൗളിങ് നിരയ്ക്കു സാധിക്കുകയും ചെയ്തു.
അര്ദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന മാക്സ് ഒഡൗഡാണ് നെതര്ലന്ഡ്സിന്റെ ടോപ് സ്കോറര്. 48 പന്തില് ഒരു സിക്സും നാല് ബൗണ്ടറിയുമടക്കം 54 റണ്സാണ് അദ്ദേഹം നേടിയത്. വണ്ഡൗണായി ഇറങ്ങിയ ഇന്ത്യന് വംശജനായ വിക്രംജിത്ത് സിങ് 22 റണ്സ് നേടി. മറ്റാരും 15 റണ്സ് പോലും തികച്ചില്ല.