ഫ്ലോറിഡ: ശനിയാഴ്ച ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ കാനഡ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് പിന്നാലെ പിന്നാലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് കാനഡ ഡ്രസ്സിങ് റൂമിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഫ്ലോറിഡയിലെ ലോഡർഹില്ലിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരം നനഞ്ഞ ഔട്ട്ഫീൽഡ് കാരണം ഒരു പന്ത് പോലും എറിയാതെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
2024 ടി20 ലോകകപ്പിൻ്റെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് ഇന്ത്യ ഇതിനകം തന്നെ യോഗ്യത നേടിയിരുന്നു. അതേസമയം ഇന്ത്യയുമായുള്ള ഡിഎൽഎസ് സമനിലയും ഒരു വിജയവും അടക്കം കാനഡയ്ക്ക് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതെത്താൻ കഴിഞ്ഞു. താരതമ്യേന ശക്തരായ അയർലാൻഡിനെ 12 റൺസിനാണ് കാനഡ ടീം തോൽപ്പിച്ചത്. ഇതിൽ അഭിനന്ദനം അറിയിക്കാനാണ് രാഹുൽ ദ്രാവിഡ് കാനഡ ഡ്രസ്സിങ് റൂമിൽ എത്തിയത്. രാഹുൽ ദ്രാവിഡ് താരങ്ങളുമായി അരമണിക്കൂറോളം സമയം ചിലവഴിച്ചു. ജേഴ്സിയിൽ താരങ്ങളെല്ലാവരും ഒപ്പ് വെച്ച് ദ്രാവിഡിന് സമ്മാനിച്ച് കാനഡ ടീം നന്ദി അറിയിച്ചു.