ബംഗളൂരു: തുടർച്ചയായ മൂന്നാം മത്സരത്തിലും ദക്ഷിണാഫ്രിക്കയെ അനായാസം കീഴടക്കി ഇന്ത്യൻ വനിതകൾ. ഓപ്പണർ സ്മൃതി മന്ദാനയുടെ ബാറ്റിങ് വിരുന്ന് കണ്ട മത്സരത്തിൽ ആറ് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 216 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. 56 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ അത് മറികടന്നത്. ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെ (57 പന്തിൽ 61) മികവിലാണ് ദക്ഷിണാഫ്രിക്ക 200 കടന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയാണ് ഇത്തവണയും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. താരത്തിന് 10 റൺസകലെയാണ് തുടർച്ചയായ മൂന്നാം സെഞ്ച്വറി എന്ന നേട്ടം മന്ദാനയ്ക്ക് നഷ്ടമായത്. 83 പന്തിൽ 11 ഫോർ സഹിതം 90ലെത്തിയ സ്മൃതിയെ മ്ലാബയുടെ പന്തിൽ അയബോംഗ ഖാക പിടികൂടുകയായിരുന്നു.
ഷെഫാലി വർമ (25), പ്രിയ പുനിയ (28), ഹർമൻപ്രീത് കൗർ (42) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ജമീമ റോഡ്രിഗസ് (19), റിച്ച ഘോഷ് (6) എന്നിവർ പുറത്താകാതെ നിന്നു. നേരത്തെ രണ്ട് വിക്കറ്റ് വീതം നേടിയ അരുന്ധതി റെഡ്ഡിയും ദീപ്തി ശർമയും ഓരോ വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലും പൂജ വസ്ത്രകാറും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215ൽ ഒതുക്കിയത്.
ആദ്യ ഏകദിനത്തിൽ സ്മൃതി മന്ദാനയുടെ സെഞ്ച്വറിയുടെ (127 പന്തിൽ 117) കരുത്തിൽ ദക്ഷിണാഫ്രിക്കയെ 143 റൺസിന് തോൽപിച്ച ഇന്ത്യ രണ്ടാം ഏകദിനത്തിൽ സ്മൃതി മന്ദാനയുടെയും (136) ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറിന്റെയും (103*) ശതകങ്ങളുടെ ബലത്തിൽ നാല് റൺസിനും ജയിച്ചുകയറിയിരുന്നു.
കുഞ്ഞന്മാരോ അട്ടിമറിക്കാരോ അല്ല; വമ്പൻമാർ തന്നെയാണ് തങ്ങളെന്ന് തെളിയിച്ച് അഫ്ഗാൻ