ബാര്ബഡോസ്: അമേരിക്കയ്ക്കെതിരെ പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. യുഎസ്എ ഉയർത്തിയ 115 എന്ന വിജയ ലക്ഷ്യം പത്ത് ഓവറിന് രണ്ട് പന്ത് ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നു. 38 പന്തിൽ നിന്ന് 83 റൺസ് നേടി ജോസ് ബട്ലറും 21 പന്തിൽ 25 റൺസെടുത്ത ഫിൽ സാൾട്ടുമാണ് ഇംഗ്ലണ്ടിന് പത്ത് വിക്കറ്റിന്റെ മികച്ച വിജയം സമ്മാനിച്ചത്. ഏഴ് സിക്സും ആറ് ഫോറും ചേര്ന്നതാണ് ബട്ലറുടെ ഇന്നിങ്സ്. ഹര്മീത് സിങ് എറിഞ്ഞ ഒന്പതാം ഓവറില് മാത്രം ഇംഗ്ലണ്ട് 32 റൺസ് നേടി.
നേരത്തെ ക്രിസ് ജോര്ദാന്റെ ഹാട്രിക് മികവാണ് യുഎസിനെ ചെറിയ സ്കോറിലൊതുക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. അഞ്ചിന് 115 എന്ന നിലയിലായിരുന്ന യുഎസ് പിന്നീടുള്ള അഞ്ച് വിക്കറ്റുകളും ഒരു റണ് പോലും ചേര്ക്കാനാവാതെ കളഞ്ഞു. അതില് നാല് വിക്കറ്റുകളും നേടിയത് ജോര്ദാനായിരുന്നു. നിതീഷ് കുമാര് (30), കോറീ ആൻഡേഴ്സൺ (29), ഹർമീത് സിങ്(21) എന്നിവരാണ് യുഎസ്എ നിരയിൽ തിളങ്ങിയ ബാറ്റർമാർ.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി സൗത്ത് ആഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവുമായി രണ്ട് പോയിന്റുമായി വെസ്റ്റ് ഇൻഡീസ് മൂന്നാം സ്ഥാനത്തുണ്ട്. നാളെ വെസ്റ്റ് ഇൻഡീസ്- ദക്ഷിണാഫ്രിക്ക മത്സരത്തിലെ ജയവും റൺ റേറ്റുമാകും സെമിയിൽ നിന്നുള്ള രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക.