സെന്റ് ലൂസിയ: ടി20 ലോകകപ്പില് ഇന്ന് നടക്കുന്ന സൂപ്പർ എട്ട് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിന് മഴ ഭീഷണി. അക്യുവെതറിന്റെ കാലവസ്ഥാ റിപ്പോര്ട്ട് അനുസരിച്ച് സെന്റ് ലൂസിയയില് ഇന്ന് മുഴുവന് മഴ പെയ്യുമെന്നാണ് പ്രവചനം. മത്സരം തുടങ്ങേണ്ട പ്രാദേശിക സമയം 10.30ന്(ഇന്ത്യൻ സമയം രാത്രി 8ന്) സെന്റ് ലൂസിയയില് 70 ശതമാനം മഴ സാധ്യതയാണ് അക്യുവെതര് പ്രവചിച്ചിരിക്കുന്നത്.
ആകാശം പൂര്ണമായും മേഘാവൃതമായിരിക്കുമെന്നും മത്സരം ഒന്നുകില് പൂര്ണമായും ഉപേക്ഷിക്കേണ്ടിവരികയോ ഓവറുകള് വെട്ടിച്ചുരുക്കേണ്ടി വരികയോ ചെയ്യുമെന്നാണ് റിപ്പോര്ട്ട്. ഇതോടെ ഓസ്ട്രേലിയയുടെ സെമി സാധ്യതകള് പ്രതിസന്ധിയിലായി. ഇന്ന് ഇന്ത്യയെ തോല്പ്പിച്ചാല് മാത്രമേ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാൻ സാധിക്കൂ. ഇന്ന് മഴ മൂലം മത്സരം ഉപേക്ഷിച്ചാല് ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഓരോ പോയന്റ് വീതം ലഭിക്കും. ഇതോടെ അഞ്ച് പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമന്മാരായി സെമിയിലെത്തും.
നാളെ രാവിലെ നടക്കുന്ന അഫ്ഗാനിസ്ഥാന്-ബംഗ്ലാദേശ് പോരാട്ടത്തില് അഫ്ഗാനിസ്ഥാനാണ് ജയിക്കുന്നതെങ്കില് ഓസ്ട്രേലിയ സെമിയിലെത്താതെ പുറത്താവും. നാലു പോയന്റുമായി അഫ്ഗാനിസ്ഥാന് സെമിയിലെത്തുകയും ചെയ്യും. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യക്ക് ഇന്ന് ഓസ്ട്രേലിയക്കെതിരെ തോറ്റാൽ പോലും മികച്ച നെറ്റ് റണ്റേറ്റുള്ളതിനാല് സെമി ഏകദേശം ഉറപ്പാണ്. ഓസ്ട്രേലിയക്ക് +0.233 നെറ്റ് റണ്റ്റുള്ളപ്പോള് അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്റേറ്റ് -0.65 ആണ്. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തില് ഇന്ത്യ തോറ്റാല് നാളെ ബംഗ്ലാദേശിനെതിരെ വന് വിജയം നേടിയാല് മാത്രമെ അഫ്ഗാനിസ്ഥാന് സെമിയിലെത്താനാകൂ.
ടി20 ലോകകപ്പ്; ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ പുറത്താകും