കിങ്സ്ടൗണ്: ട്വന്റി 20 ലോകകപ്പിനിടെ അഫ്ഗാന് താരം ഗുലാബുദ്ദീന് നയീബ് പരിക്ക് അഭിനയിക്കുന്നതുകണ്ട് താന് ചിരിക്കുകയായിരുന്നെന്ന് ഓസ്ട്രേലിയന് ക്യാപ്റ്റന് മിച്ചല് മാര്ഷ്. ബംഗ്ലാദേശിനെതിരായ സൂപ്പര് എയ്റ്റ് മത്സരത്തിലാണ് ഗുലാബുദ്ദീന് നയീബ് പരിക്ക് അഭിനയിച്ച് മൈതാനത്ത് വീണത്. മത്സരത്തില് അഫ്ഗാന് ചരിത്രവിജയത്തോടെ സെമിയിലെത്തിയെങ്കിലും വലിയ വിമര്ശനങ്ങളും ട്രോളുകളുമാണ് താരത്തെ തേടിയെത്തുന്നത്. നയീബിന്റെ ഈ പ്രവൃത്തി മത്സരത്തില് ഒരു പ്രതിഫലനവും സൃഷ്ടിച്ചില്ലെന്നാണ് മാര്ഷ് പറയുന്നത്.
'നയീബിന്റെ അഭിനയം കണ്ട് ചിരിച്ച് ചിരിച്ച് കണ്ണില് നിന്ന് വെള്ളം വരെ വന്നു. പക്ഷേ എന്തായാലും അദ്ദേഹത്തിന്റെ പ്രവൃത്തി മത്സരത്തെ ബാധിച്ചതേയില്ല. അതുകൊണ്ട് മാത്രം നമുക്ക് അത് ചിരിച്ചുതള്ളാം. മികച്ച ഒരു തമാശയായിരുന്നു അത്', മാര്ഷ് പറഞ്ഞു.
Mitchell Marsh said, "I was almost in tears laughing when Gulbadin Naib fell". pic.twitter.com/ci14pWLOZp
— Mufaddal Vohra (@mufaddal_vohra) June 26, 2024
ബംഗ്ലാദേശ് ഇന്നിംഗ്സിനിടെയായിരുന്നു അപ്രതീക്ഷിത സംഭവങ്ങള് ഉണ്ടായത്. 11.4 ഓവറില് ബംഗ്ലാദേശ് സ്കോര് ഏഴിന് 81 എന്ന നിലയില് നിന്നപ്പോള് അപ്രതീക്ഷിതമായി മഴയെത്തി. ഇതോടെ മത്സരം മെല്ലെയാക്കാന് ട്രോട്ട് താരങ്ങള്ക്ക് നിര്ദ്ദേശം നല്കി. സ്ലിപ്പില് ഫില്ഡ് ചെയ്യുകയായിരുന്ന ഗുലാബുദീന് നയീബ് ഇക്കാര്യം മനസിലാക്കി. പേശി വലിവ് അഭിനയിച്ച് താരം നിലത്തുവീണു.
സഹതാരത്തിന് എന്ത് സംഭവിച്ചുവെന്ന് അഫ്ഗാന് ക്യാപ്റ്റന് റാഷിദ് ഖാന് ചോദിക്കുന്നുണ്ടായിരുന്നു. മഴ തുടര്ന്നിരുന്നെങ്കില് രണ്ട് റണ്സിന്റെ വിജയം അഫ്ഗാനിസ്ഥാന് സ്വന്തമാക്കുമായിരുന്നു. എന്നാല് മഴ അതിവേഗത്തില് മാറി. പിന്നാലെ നയീബ് കളത്തിലിറങ്ങി. ഇത്രവേഗം പരിക്ക് മാറിയ താരത്തിന്റെ അഭിനയത്തെ പരിഹസിച്ച് ആരാധകര് രംഗത്തെത്തുകയും ചെയ്തു.