മുംബൈ: ടി 20 ലോകകപ്പില് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര് ഓള്റൗണ്ടറുമായ ഹാര്ദ്ദിക് പാണ്ഡ്യയുടെ നിര്ണായക പ്രകടനത്തെ പ്രശംസിച്ച് ക്യാപ്റ്റന് രോഹിത് ശര്മ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് ഫൈനലില് അവസാന ഓവര് പന്തെറിഞ്ഞ് ഡേവിഡ് മില്ലറെ പുറത്താക്കി ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് ഹാര്ദ്ദിക് പാണ്ഡ്യയായിരുന്നു. ഹെന്റിച്ച് ക്ലാസന്റെയും നിര്ണായക വിക്കറ്റ് വീഴ്ത്തിയത് ഹാര്ദ്ദിക്കാണ്. ഇക്കാര്യം എടുത്തുപറഞ്ഞാണ് വാങ്കഡെ സ്റ്റേഡിയത്തില് നടന്ന അനുമോദന ചടങ്ങില് രോഹിത് ഹാര്ദ്ദിക്കിനെ അഭിനന്ദിച്ചത്.
'ഹാര്ദ്ദിക് പാണ്ഡ്യയുടെ അവസാന ഓവര് പ്രകടനത്തിന് ഒരു സല്യൂട്ട്. നിങ്ങള്ക്ക് എത്ര റണ്സ് വേണമെങ്കിലും വലിയ സമ്മര്ദ്ദത്തിലായിരിക്കും എപ്പോഴും അവസാന ഓവര് എറിയുക. ഹാര്ദ്ദിക് അത് വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്തു', രോഹിത് ഇങ്ങനെ പറഞ്ഞതും വാങ്കഡെ സ്റ്റേഡിയം ഹാര്ദ്ദിക്കിന് വേണ്ടി ആര്പ്പുവിളിച്ചു. ആനന്ദത്താല് കണ്ണുനിറഞ്ഞ ഹാര്ദ്ദിക് എഴുന്നേറ്റുനിന്ന് കാണികളെ അഭിവാദ്യം ചെയ്തു.
ഹാര്ദ്ദിക്ക് എന്ന താരത്തിന്റെ തിരിച്ചുവരവിനാണ് വാങ്കഡെ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഹാര്ദ്ദിക്കിനെ സംബന്ധിച്ചിടത്തോളം ലോകകപ്പ് വിജയവും വാങ്കഡെയിലെ ആരാധക പിന്തുണയും മധുര പ്രതികാരമാണ്. ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റനായ ശേഷം ഹാര്ദ്ദിക്കിന് സ്വന്തം ആരാധകരുടെ തന്നെ വെറുപ്പിനും പരിഹാസങ്ങള്ക്കും വിധേയനാവേണ്ടിവന്നിരുന്നു. വാങ്കഡെയില് നടന്ന മത്സരങ്ങളില് പോലും മുംബൈ നായകന് കനത്ത കൂവല് ലഭിച്ചിരുന്നു. എന്നാല് ട്വന്റി 20 ലോകകപ്പില് ടീമിന് വേണ്ടി നിര്ണായക പ്രകടനം പുറത്തെടുത്ത് വിമര്ശകരുടെയും പരിഹസിച്ചവരുടെയും വായടപ്പിക്കാന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓള്റൗണ്ടറുമായ ഹാര്ദ്ദിക്കിന് സാധിച്ചു.