ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യൻ തിരിച്ചുവരവ്. 100 റൺസിന്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ഗില്ലിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി പറഞ്ഞ സിംബാബ്വെ 18.4 ഓവറിൽ 134 റൺസിൽ എല്ലാവരും പുറത്തായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു.
ടോസ് നേടിയ ഇന്ത്യൻ സംഘം ബാറ്റിംഗിനിറങ്ങി. തുടക്കം തന്നെ ശുഭ്മൻ ഗിൽ രണ്ട് റൺസുമായി പുറത്തായപ്പോൾ ഇന്ത്യ മറ്റൊരു തകർച്ചയെ മുന്നിൽ കണ്ടു. എന്നാൽ അഭിഷേക് ശർമ്മയുടെ വെടിക്കെട്ടും റുതുരാജ് ഗെയ്ക്ക്വാദിന്റെ അവസരോചിത ഇന്നിംഗ്സും ചേർന്നപ്പോൾ നീലപ്പട സ്കോറിംഗ് മുന്നോട്ട് നീക്കി. രണ്ടാം മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവുമായി അഭിഷേക് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടു. 47 പന്തിൽ ഏഴ് ഫോറും എട്ട് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്സ്.
സ്ഥലം മാറിയ ബസ് പാർക്കിംഗ്; തുർക്കിയുടെ തെറ്റിയ തീരുമാനംറുതുരാജ് ഗെയ്ക്ക്വാദ് 47 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നു. 48 റൺസുമായി പുറത്താകാതെ നിന്ന റിങ്കു സിംഗും ഇന്ത്യൻ സ്കോറിംഗിൽ നിർണായകമായി. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്സ്. മറുപടി പറഞ്ഞ സിംബാബ്വെ ബാറ്റിംഗിന് വേഗതയുണ്ടായിരുന്നെങ്കിലും വിക്കറ്റുകൾ കാത്തുസൂക്ഷിക്കാൻ സാധിച്ചില്ല. വെസ്ലി മധേവേരെ 43 റൺസും ബ്രയാൻ ബെന്നറ്റ് 26 റൺസുമെടുത്ത് പുറത്തായി. ഒമ്പതാമനായി ക്രീസിലെത്തി 33 റൺസെടുത്ത ലൂക്ക് ജോങ്വെ സിംബാബ്വെയെ മാന്യമായ സ്കോറിലെത്തിച്ചു. ഇന്ത്യയ്ക്കായി ആവേശ് ഖാനും മുകേഷ് കുമാറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.