സെഞ്ച്വറിയടിച്ചത് ക്യാപ്റ്റന്റെ ബാറ്റുമായി; കാരണം വെളിപ്പെടുത്തി അഭിഷേക്

എട്ട് സിക്സുകളും ഏഴ് ബൗണ്ടറികളുമുള്പ്പടെ 47 പന്തില് 100 റണ്സെടുത്ത അഭിഷേകായിരുന്നു കളിയിലെ താരം

dot image

ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി 20യില് വെടിക്കെട്ട് സെഞ്ച്വറി നേടി താരമായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര് അഭിഷേക് ശര്മ്മ. ആദ്യ ടി 20യില് ഡക്കായി മടങ്ങിയതിൻ്റെ തൊട്ടടുത്ത മത്സരത്തില് തകർപ്പന് സെഞ്ച്വറിയിലൂടെ മറുപടി നല്കാന് അഭിഷേകിന് സാധിച്ചു. ഇപ്പോള് മത്സരത്തിലെ നിര്ണായക സെഞ്ച്വറി നേടിയത് ക്യാപ്റ്റന് ശുഭ്മന് ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക്. അതിന് പിന്നിലുള്ള കാരണവും താരം തുറന്നുപറഞ്ഞു.

'ഞാന് ശുഭ്മന് ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് കളിച്ചത്. അതുകൊണ്ട് ആ ബാറ്റിന് പ്രത്യേക നന്ദിയുണ്ട്. സമ്മര്ദ്ദമേറിയതോ ഞാന് നിര്ണായക പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് എന്നുതോന്നുന്നതോ ആയ മത്സരങ്ങളില് ഞാന് സാധാരണ ഗില്ലിന്റെ ബാറ്റാണ് ഉപയോഗിക്കാറുള്ളത്', മത്സരശേഷം നടന്ന വാര്ത്താസമ്മേളനത്തില് അഭിഷേക് വ്യക്തമാക്കി. പഞ്ചാബ് താരങ്ങളായ ഗില്ലും അഭിഷേകും ആഭ്യന്തര ക്രിക്കറ്റില് ഒരുമിച്ച് കളിച്ചിട്ടുണ്ട്.

ഇന്ത്യന് കുപ്പായത്തില് തന്റെ അരങ്ങേറ്റ മത്സരത്തില് ഡക്കായി മടങ്ങി അഭിഷേക് നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ പരാജയപ്പെട്ട സിംബാബ്വെയ്ക്കെതിരായ ആദ്യ ടി 20 മത്സരത്തില് ആദ്യ ഓവറിലെ നാലാം പന്തില് തന്നെ പുറത്താവുകയായിരുന്നു. ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഭിഷേക് അരങ്ങേറ്റ മത്സരത്തില് നിരാശപ്പെടുത്തിയത് വിമര്ശനങ്ങള്ക്കിടയാക്കുകയും ചെയ്തു.

അരങ്ങേറ്റത്തില് തിളങ്ങാതെ യുവരാജിന്റെ ശിഷ്യന്; അഭിഷേക് ശർമ്മയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

എന്നാല് തൊട്ടടുത്ത ദിവസം തന്നെ വിമര്ശകരുടെയും പരിഹസിച്ചവരുടെയും വായടപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന് അഭിഷേകിന് സാധിച്ചു. എട്ട് സിക്സുകളും ഏഴ് ബൗണ്ടറികളുമുള്പ്പടെ 47 പന്തില് 100 റണ്സെടുത്ത അഭിഷേകായിരുന്നു കളിയിലെ താരം. ആദ്യത്തെ 33 പന്തില് 50 റണ്സെടുത്ത താരത്തിന് സെഞ്ച്വറി തികയ്ക്കാന് വെറും 13 ബോള് മാത്രമാണ് വേണ്ടിവന്നത്.

മത്സരത്തില് 100 റണ്സിന്റെ തകര്പ്പന് ജയമാണ് ശുഭ്മന് ഗില്ലിന്റെ സംഘം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില് 234 റണ്സെടുത്തു. മറുപടി പറഞ്ഞ സിംബാബ്വെ 18.4 ഓവറില് 100 റണ്സില് എല്ലാവരും പുറത്തായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില് ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു.

dot image
To advertise here,contact us
dot image