ഹരാരെ: ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണ് കളത്തിലിറങ്ങിയ മത്സരത്തില് സിംബാബ്വെയെ തകര്ത്ത് ഇന്ത്യ. മൂന്നാം ടി20-യില് 23 റണ്സിനാണ് ഇന്ത്യയുടെ ജയം. 183 റണ്സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്വെ നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 159 റണ്സെടുത്തു. അര്ധസെഞ്ചുറിയുമായി ഡിയോണ് മയേഴ്സ് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അര്ധ സെഞ്ചുറി നേടിയ ഗില്ലിന്റേയും 49 റൺസ് നേടിയ ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്. ബൗളിങ്ങില് ഇന്ത്യയ്ക്കായി വാഷിങ്ടണ് സുന്ദര് മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ മുന്നിലെത്തി
ഇന്ത്യ ഉയര്ത്തിയ 183 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്വേയുടെ തുടക്കം തകര്ച്ചയോടെയായിരുന്നു. 19 റണ്സെടുക്കുന്നതിനിടയില് ടീമിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. സിംബാംബ്വേ മധ്യനിരയിൽ ഡിയോണ് മയേഴ്സും ക്ലൈവ് മദണ്ടെയുമാണ് ചെറുത്ത് നിൽപ്പ് നടത്തിയത്. ക്ലൈവ് 26 പന്തില് നിന്ന് 37 റണ്സെടുത്തു. ഡിയോണ് 49 പന്തില് നിന്ന് 65 റണ്സെടുത്ത് പുറത്താകാതെ നിന്നു. നേരത്തേ നിശ്ചിത 20-ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ 182 റണ്സെടുത്തു. സിംബാബ്വേ ബൗളർമാരെ ഭയക്കാതെ അടിച്ചു കളിച്ച ഇരുവരും ആദ്യ ഓവറുകളിൽ തന്നെ മികച്ച റൺറേറ്റ് ഉയർത്തി. പിന്നീട് പന്തിൽ നിയന്ത്രണം കണ്ടെത്തിയ സിംബാബ്വേ ബൗളർമാർ മധ്യ ഓവറുകളിൽ റൺ നിരക്ക് കുറച്ചു. എന്നാൽ അവസാന ഓവറുകളിൽ തിരിച്ചടിച്ച ഇന്ത്യൻ ബാറ്റർമാർ സ്കോർ 182 റൺസിലെത്തിച്ചു.
ടീം സ്കോര് 67ല് നില്ക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ലോകകപ്പിനുശേഷം ടീമിലെത്തിയ ജയ്സ്വാളാണ് പുറത്തായത്. 27 പന്തില് നിന്ന് 36 റണ്സെടുത്ത താരത്തെ സിക്കന്ദര് റാസയാണ് മടക്കിയത്. പിന്നാലെയെത്തിയ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ അഭിഷേക് ശര്മ നിരാശപ്പെടുത്തി. 49 പന്തില് നിന്ന് ഏഴ് ഫോറും മൂന്ന് സിക്സുമുള്പ്പെടെ 66 റണ്സാണ് ഗിൽ എടുത്തത്. 28 പന്തില് നിന്ന് 49 റൺസാണ് ഗെയ്ക്വാദ് നേടിയത്. സഞ്ജു ഏഴ് പന്തില് നിന്ന് 12 റണ്സെടുത്ത് പുറത്താകാതെ നിന്നു. സിംബാബ്വേക്കായി സികക്ന്ദര് റാസയും ബ്ലെസ്സിങ് മുസര്ഡബാനിയും രണ്ട് വീതം വിക്കറ്റുകളെടുത്തു.
ഉപനായകനായി സഞ്ജു; സിംബാബ്വെക്കെതിരെമൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 182