ഹരാരെ: ശുഭ്മന് ഗില് ബൗളര്മാരുടെ ക്യാപ്റ്റനാണെന്ന് ഇന്ത്യന് ഫാസ്റ്റ് ബൗളര് ആവേശ് ഖാന്. സിംബാബ്വെയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തില് വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില് 2-1ന് മുന്നിലെത്തിയിരുന്നു. മത്സരത്തില് സിംബാബ്വെയുടെ രണ്ട് പ്രധാന വിക്കറ്റുകള് വീഴ്ത്തി ആവേശ് നിര്ണായക പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശുഭ്മന് ഗില്ലിന്റെ ക്യാപ്റ്റന്സിയെ പ്രശംസിച്ച് ആവേശ് ഖാന് രംഗത്തെത്തിയത്.
'ഗില് ബൗളര്മാരുടെ ക്യാപ്റ്റനാണ്. അദ്ദേഹം ബൗളര്മാര്ക്ക് ധാരളം സ്വാതന്ത്ര്യം നല്കുന്നു. അവര്ക്ക് അവരുടെ സ്വന്തം ഫീല്ഡുകള് സജ്ജമാക്കാന് അദ്ദേഹം അവസരം നല്കുന്നു. നമ്മുടെ പദ്ധതികള് നടപ്പിലാക്കാനായി ഗില് പൂര്ണ പിന്തുണ നല്കാറുണ്ട്. ഇനി നമ്മുടെ പ്ലാന് നടപ്പിലായിട്ടില്ലെങ്കില് അദ്ദേഹത്തിന്റെ സ്വന്തം പദ്ധതി കൊണ്ടുവരാറുണ്ട്. അത് എപ്പോഴും ഒരുപാട് സഹായകമാവാറുണ്ട്. മൂന്നാം മത്സരത്തില് എനിക്ക് രണ്ട് വിക്കറ്റ് വീഴ്ത്താന് സാധിച്ചതില് അദ്ദേഹത്തിന് നിര്ണായക പങ്കുണ്ട്', ആവേശ് ഖാന് പറഞ്ഞു.
'ബൗളിങ്ങിലേക്ക് വരുമ്പോള് ഗില്ലിന്റെ സമീപനവും ആവേശ് ഖാന് തുറന്നുപറഞ്ഞു. എപ്പോള് പന്തെറിയണമെന്ന് എനിക്ക് മുന്ഗണനകളില്ലെന്ന് ഞാന് ക്യാപ്റ്റനോട് പറയാറുണ്ട്. താങ്കള്ക്ക് എപ്പോള് വേണമെങ്കിലും എന്നെ പന്തേല്പ്പിക്കാമെന്നും ഞാന് എപ്പോഴും ബൗളിങ്ങിന് തയ്യാറാണെന്നും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ടീമിന് വേണ്ടി വിക്കറ്റ് വീഴ്ത്തണമെന്നുള്ള മനോഭാവത്തോടെയാണ് ഞാനെപ്പോഴും പന്തെറിയുന്നത്', ആവേശ് ഖാന് കൂട്ടിച്ചേര്ത്തു.
ഉപനായകനായി സഞ്ജു; ഇന്ത്യയ്ക്ക് ജയം, സിംബാബ്വെയുമായുള്ള പരമ്പരയിൽ മുന്നിൽമൂന്നാം ടി 20യില് 23 റണ്സിനാണ് ശുഭ്മന് ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 182 റണ്സെടുത്തു. മറുപടി ബാറ്റിങ്ങില് നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 159 റണ്സ് മാത്രമാണ് സിംബാബ്വെയ്ക്ക് നേടാനായത്.