ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലര്ത്തരുത്, ഇന്ത്യ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: വസീം അക്രം

പാകിസ്താന് ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്സ് ട്രോഫി ടൂര്ണമെന്റില് പങ്കെടുക്കാന് ഇന്ത്യന് ടീം എത്തില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു

dot image

ഇസ്ലാമാബാദ്: ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലര്ത്തരുതെന്ന് മുന് പാകിസ്താന് താരം വസീം അക്രം. പാകിസ്താന് ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്സ് ട്രോഫി ടൂര്ണമെന്റില് പങ്കെടുക്കാന് ഇന്ത്യന് ടീം എത്തില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു താരം.

'പാകിസ്താനിലേക്ക് ഇന്ത്യ വരുമെന്നുതന്നെയാണ് ഞാന് പ്രതീക്ഷിക്കുന്നത്. ടൂര്ണമെന്റിന് വേണ്ടി എല്ലാ ടീമുകളെയും സ്വീകരിക്കാന് രാജ്യം മുഴുവനും കാത്തിരിക്കുകയാണ്. ഞങ്ങള് അവരെ ഗംഭീരമായി തന്നെ സ്വീകരിക്കും', വസീം പറഞ്ഞു. ന്യൂസ് ഏജന്സിയായ ഐഎഎന്എസ് പങ്കുവെച്ച വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം.

'ഇതൊരു മികച്ച ടൂര്ണമെന്റ് തന്നെയായിരിക്കും. ടീമുകള്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ സ്റ്റേഡിയങ്ങള് നിര്മ്മിച്ചുകൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിന്റെ ഉന്നമനത്തിനായി പാകിസ്താന് ഈ ടൂര്ണമെന്റ് ആവശ്യമാണ്. ക്രിക്കറ്റും രാഷ്ട്രീയവും തമ്മില് കൂട്ടിക്കലര്ത്താന് പാടില്ല. അതുകൊണ്ട് എല്ലാ ടീമുകളും പാകിസ്താനിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു', വസീം അക്രം കൂട്ടിച്ചേര്ത്തു.

ചാമ്പ്യന്സ് ട്രോഫി കളിക്കാന് പാകിസ്താനിലേക്കില്ല; നിര്ണായക തീരുമാനവുമായി ബിസിസിഐ

കഴിഞ്ഞ ദിവസമാണ് ഐസിസി ചാമ്പ്യന്സ് ട്രോഫിക്കായി ഇന്ത്യന് ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനമെടുത്തതായുള്ള വാർത്തകള് വന്നത്. ഇന്ത്യയുടെ മത്സരങ്ങള് ശ്രീലങ്കയിലോ ദുബായിലോ വെച്ച് നടത്തണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടെന്നാണ് ബിസിസിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്ഐ റിപ്പോര്ട്ട് ചെയ്തത്. ഇതോടെ ചാമ്പ്യന്സ് ട്രോഫിയും ഏഷ്യാ കപ്പിന്റെ മാതൃകയില് ഹൈബ്രിഡ് മോഡലില് നടത്താനാണ് സാധ്യത.

dot image
To advertise here,contact us
dot image