മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടില് തര്ക്കിച്ച് സഹോദരങ്ങളായ ഇര്ഫാന് പഠാനും യൂസുഫ് പഠാനും. ലെജന്റ്സ് ലീഗ് ഓഫ് ക്രിക്കറ്റ് ടൂര്ണമെന്റിലാണ് സംഭവം. ലീഗില് ഇന്ത്യ ചാമ്പ്യന്സിന്റെ താരങ്ങളായ ഇരുവരും അവസാന ഘട്ട പോരാട്ടത്തില് ദക്ഷിണാഫ്രിക്ക ചാമ്പ്യന്സിന് നേരിടുന്നതിനിടയിലാണ് വാക്കേറ്റമുണ്ടായത്. പിന്നീട് മാപ്പുപറഞ്ഞ് നെറ്റിയില് ഉമ്മവെക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലാണ്.
ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 211 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റ് ചെയ്യുന്നതിനിടെയാണ് സഹോദരങ്ങള് തമ്മില് തര്ക്കമുണ്ടായത്. ഇന്ത്യന് ഇന്നിങ്സിന്റെ 19-ാം ഓവറില് യൂസുഫ് പഠാനുമായുള്ള ആശയക്കുഴപ്പത്തെത്തുടര്ന്ന് ഇര്ഫാന് റണ്ണൗട്ടായിരുന്നു. ഇര്ഫാന്റെ ഷോട്ടില് രണ്ടാം റണ് പൂര്ത്തിയാക്കാന് ട്രാക്കിന്റെ പകുതിയോളം ഇര്ഫാന് എത്തിയപ്പോള് യൂസുഫ് ബാക്കി റണ് പൂര്ത്തിയാക്കാന് തയ്യാറായില്ല. റണ്ണൗട്ടായതിന്റെ നിരാശ ഇര്ഫാന് തന്റെ സഹോദരനോട് പ്രകടിപ്പിക്കുകയും ചെയ്തു. യൂസുഫിന് നേരെ ആക്രോശിക്കുന്ന ഇര്ഫാനെയാണ് പിന്നീട് കണ്ടത്.
🙈 @iamyusufpathan @India_Champions all brothers can relate to this… pic.twitter.com/eQRu31Wmub
— Irfan Pathan (@IrfanPathan) July 11, 2024
21 പന്തില് നാല് ഫോറും ഒരു സിക്സുമടക്കം 35 റണ്സെടുത്ത ഇര്ഫാന് റണ്ണൗട്ടായത് മത്സരത്തില് വഴിത്തിരിവായിരുന്നു. അതുകൊണ്ടാണ് സഹോദരനോട് ഇര്ഫാന് കയര്ത്തത്. തങ്ങള്ക്കിടയില് വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന സഹോദരങ്ങള് തമ്മില് അപൂര്വ്വമായാണ് ഇത്തരമൊരു കാഴ്ചയെന്നാണ് ആരാധകര് പറയുന്നത്.
മത്സരത്തില് ദക്ഷിണാഫ്രിക്ക ചാമ്പ്യന്സിനോട് 54 റണ്സിന് പരാജയം വഴങ്ങിയെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാന് ഇന്ത്യ ചാമ്പ്യന്സിനായി. മത്സരത്തിന് ശേഷം ഇര്ഫാന്റെ ദേഷ്യം ശമിച്ചിരുന്നു. നോക്കൗട്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ ഇര്ഫാന് യൂസുഫിന്റെ നെറ്റിയില് ചുംബിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ആരാധകര് ഏറ്റെടുത്തിട്ടുണ്ട്.