ഹരാരെ: അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില് സിംബാബ്വെയ്ക്കെതിരെ 42 റൺസിന് വിജയിച്ച് ഇന്ത്യ. മലയാളി വൈസ് ക്യാപ്റ്റന് സഞ്ജു സാംസണിന്റെ അര്ധ സെഞ്ചുറിയുടെയും പേസ് ബൗളർ മുകേഷ് കുമാറിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെയും ബലത്തിലാണ് വിജയം. ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ചില് നാല് മത്സരങ്ങളും വിജയിച്ചു. ആദ്യ മത്സരത്തില് മാത്രമാണ് ആതിഥേയര്ക്ക് വിജയിക്കാനായത്.
ടോസ് നേടിയ സിംബാബ്വേ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില് മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര് യശസ്വി ജയ്സ്വാളിനെ ആദ്യ ഓവറില് തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. നാലാം ഓവറില് അഭിഷേക് ശര്മയുടെയും അഞ്ചാം ഓവറില് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിന്റെയും വിക്കറ്റുകള് വീണു. തുടര്ന്നെത്തിയ സഞ്ജു സാംസൺ ഐപിഎല്ലിലെ തന്റെ പാർട്ണർ റിയാൻ പരാഗുമായി ചേർന്ന് തിരിച്ചടികളിൽ നിന്നും രക്ഷപ്പെടുത്തി. നാല് സിക്സറുകളും ഒരു ഫോറുമായി സഞ്ജു 45 പന്തില് നിന്ന് 58 റണ്സ് നേടി. 24 പന്തില്നിന്ന് ഒരു സിക്സറോടെ 22 റണ്ണായിരുന്നു പരാഗിന്റെ സമ്പാദ്യം. 12 പന്തില്നിന്ന് 26 റണ്സടിച്ച ശിവം ദുബെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്പത് പന്തില് നിന്ന് 11 റണ്സ് നേടി റിങ്കു സിങ്ങും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില് ഡിയോണ് മിയേഴ്സ് (34), മരുണമി (27) ഫറാസ് അക്രം (27) എന്നിവര്ക്കാണ് കുറച്ചെങ്കിലും ഇന്ത്യന് ബൗളര്മാരെ ചെറുത്ത് നില്ക്കാനായത്. വെസ്ലി മധേവേരെയെ മൂന്നാം പന്തില്തന്നെ പുറത്താക്കി മുകേഷ് കുമാര് ആക്രമണത്തിന് തുടക്കമിട്ടു. ശിവം ദുബെ രണ്ടും ദേശ്പാണ്ഡെ, വാഷിങ്ടണ് സുന്ദര് അഭിഷേക് ശര്മ എന്നിവര് ഓരോ വിക്കറ്റുകള് സ്വന്തമാക്കി.
കിട്ടിയ അവസരം മുതലാക്കി സഞ്ജു; സിംബാബ്വേയ്ക്ക് ലക്ഷ്യം 168