
ഡൽഹി: സ്വിറ്റ്സർലൻഡ് താരം ഷെർദാൻ ഷഖിറി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 14 വർഷത്തെ അന്താരാഷ്ട്ര ഫുട്ബോൾ ജീവിതത്തിനാണ് ഷഖിറി അവസാനമിട്ടിരിക്കുന്നത്. 125 മത്സരങ്ങൾ സ്വിറ്റ്സർലൻഡിനായി കളിച്ച ഷഖിറി 32 ഗോളുകൾ നേടി. 2010ലെ യൂറോ കപ്പ് മുതൽ 2024ലെ യൂറോ വരെ ഏഴ് പ്രധാന ടൂർണമെന്റുകളിൽ സ്വിറ്റ്സർലൻഡിനെ ഷഖിറി പ്രതിനിധീകരിച്ചു. ഇത്തവണത്തെ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിലാണ് സ്വിസ് സംഘം പുറത്തായത്.
രാജ്യത്തോടൊപ്പം കളിച്ചത് മറക്കാനാവില്ലെന്ന് ഷഖിറി പറഞ്ഞു. ഏഴ് ടൂർണമെന്റുകൾ, ഒരുപാട് ഗോളുകൾ, 14 വർഷം, ഇപ്പോൾ ഒരു വിടവാങ്ങലിന് സമയമായിരിക്കുന്നു. എല്ലാവരോടും നന്ദി പറയുന്നു താരം പറഞ്ഞു.
ജന്മംകൊണ്ട് കൊസേവ സ്വദേശിയാണ് ഷഖിറി. കൊസോവ-സെർബിയ യുദ്ധത്തെ തുടർന്ന് നാലാം വയസിൽ താരം രാജ്യത്ത് നിന്ന് പാലായനം ചെയ്തു. പിന്നാലെ ഷഖിറിയുടെ കുടുംബം സ്വിറ്റ്‌സർലാൻഡിൽ അഭയം പ്രാപിച്ചു. ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസരിയോയുടെ കടുത്ത ആരാധകരനായിരുന്നു ഷഖിറി. റൊണാൾഡോയെപ്പോലെ ഒരു ഫുട്ബോൾ ആരാധകരനാകുകയെന്നതാണ് ഷഖിറിയെ കാൽപ്പന്തിലേക്ക് അടുപ്പിച്ചത്. കൊസോവ, സ്വിറ്റ്സർലൻഡ് രാജ്യങ്ങളുടെ പതാകകൾ ബൂട്ടിൽ പതിപ്പിച്ചാണ് താരത്തെ ഗ്രൗണ്ടുകളിൽ കാണുന്നത്.
സ്വിറ്റ്സർലൻഡിലെ എഫ് സി ബേസലിൽ ആണ് ഷഖിറിയുടെ ക്ലബ് ഫുട്ബോൾ ജീവിതത്തിന് തുടക്കമായത്. 2012-13 സീസണിൽ ട്രെബിൾ നേടിയ ബയേൺ മ്യൂണിക് ടീമിൽ താരം അംഗമായിരുന്നു. ഇന്റർ മിലാൻ, ഇംഗ്ലീഷ് ക്ലബ് സ്‌റ്റോക്ക് സിറ്റി, ലിവർപൂൾ ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. ഇപ്പോൾ മേജർ ലീഗ് സോക്കറിൽ ചിക്കാഗോ എഫ് സിയുടെ ഭാഗമായ താരമാണ് ഷഖിറി.