വെല്ലിംങ്ടൺ: ട്വന്റി 20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ന്യൂസിലാൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കെയ്ൻ വില്യംസൺ രാജിവെച്ചിരുന്നു. എന്നാൽ പുതിയ നായകനെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ന്യൂസിലാൻഡ് ടീം. വില്യംസണ് പകരക്കാരനായി ടോം ലഥാം കിവിസ് നായകനായെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 2027ലെ ലോകകപ്പ് ലക്ഷ്യമാക്കി സ്ഥിരം നായകനെ വേണമെന്നാണ് പരിശീലകൻ ഗാരി സ്റ്റെഡിന്റെ നിലപാട്.
പുതിയ ക്യാപ്റ്റനായി പരിഗണനയിലുള്ളത് ടോം ലഥാം തന്നെയാണ്. എന്നാൽ അത് ഇപ്പോൾ പ്രഖ്യാപിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. വില്യംസണ് പകരക്കാനായി എത്തുന്നത് ആരായാലും രണ്ട് മൂന്ന് വർഷത്തേയ്ക്ക് ന്യൂസിലാൻഡ് ടീമിനെ നയിക്കുന്നത് ആ താരമായിരിക്കും. പ്രത്യേകിച്ച് ഏകദിന ലോകകപ്പിൽ അയാളുടെ സേവനം ആവശ്യമാണെന്നും ഗാരി സ്റ്റെഡ് പ്രതികരിച്ചു.
അതിനിടെ കിവിസ് ടീമിനെ നയിക്കാനുള്ള ആഗ്രഹം ടോം ലഥാം തുറന്നുപറഞ്ഞു. ദേശീയ ടീമിന്റെ നായകനാകുന്നത് തീർച്ചയായും ഒരു ആദരവാണ്. ന്യൂസിലാൻഡ് ക്രിക്കറ്റിനെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കും. ടീം ആഗ്രഹിക്കുന്ന നിലയിലേക്ക് കിവിസ് ടീമിനെ എത്തിക്കാനായാൽ അതിൽ തനിക്ക് ഏറെ സന്തോഷമുണ്ടാകുമെന്നും ലഥാം വ്യക്തമാക്കി.