ദംബുള്ള: വനിതാ ഏഷ്യാ കപ്പിൽ തകർപ്പൻ തുടക്കവുമായി ഇന്ത്യൻ വനിതകൾ. പാകിസ്താൻ വനിതകളെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ സംഘം ഏഷ്യാ കപ്പിന് തുടക്കമിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.2 ഓവറിൽ 108 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യൻ വനിതകൾ 14.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗിനിറങ്ങി. നാല് താരങ്ങൾ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. സിന്ദ്ര അമീർ 25 റൺസെടുത്ത് ടോപ് സ്കോററായി. തുബ ഹസ്സൻ 22 റൺസെടുത്തു. എട്ടാം നമ്പറിൽ ക്രീസിലെത്തി 22 റൺസുമായി ഫാത്തിമ സന പുറത്താകാതെ നിന്നു. ഓപ്പണർ മുബീന അലി 11 റൺസെടുത്തും പുറത്തായി. ഇന്ത്യയ്ക്കായി ദീപ്തി ശർമ്മ മൂന്ന് വിക്കറ്റെടുത്തു. രേണുക സിംഗ്, പൂജ വസ്ത്രേക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ വേഗത്തിൽ വിജയത്തിലെത്താനാണ് ഇന്ത്യൻ വനിതകൾ ശ്രമിച്ചത്. ആദ്യ വിക്കറ്റിൽ 9.3 ഓവറിൽ 85 റൺസ് പിറന്നു. 31 പന്തിൽ 45 റൺസെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ഷഫാലി വർമ്മ 29 പന്തിൽ 40 റൺസെടുത്ത് പുറത്തായി. 11 പന്തിൽ 14 റൺസാണ് ഡയാലൻ ഹേമലതയ്ക്ക് നേടാനായത്. ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ അഞ്ച് റൺസെടുത്തും ജമീമ റോഡ്രിഗ്സ് മൂന്ന് റൺസെടുത്തും പുറത്താകാതെ നിന്നു.