ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിക്കാത്തതിൽ പ്രതകരണവുമായി ബിസിസിഐ വൃത്തങ്ങൾ. അടുത്ത വർഷം ആദ്യം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് മുമ്പായി ഇന്ത്യൻ ടീമിന് ആറ് ഏകദിന മത്സരങ്ങൾ മാത്രമാണുള്ളത്. അതിൽ മൂന്ന് മത്സരങ്ങൾ ശ്രീലങ്കയ്ക്കെതിരെയാണ്. ഈ മത്സരങ്ങളിൽ അക്സർ പട്ടേലിനും വാഷിംഗ്ടൺ സുന്ദറിനും അവസരം നൽകുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ട്വന്റി 20 ക്രിക്കറ്റിൽ നിന്നും ലോകകപ്പിന് പിന്നാലെ ജഡേജ വിരമിച്ചിരുന്നു. ലോകകപ്പിലെ താരത്തിന്റെ പ്രകടനവും മോശമായിരുന്നു. എന്നാൽ ഏകദിന ക്രിക്കറ്റിൽ ജഡേജയുടെ റെക്കോർഡുകൾ മികച്ചതാണ്. ഏകദേശം ഒരു പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റ് ഏറെ ആശ്രയിക്കുന്ന ഓൾ റൗണ്ടറാണ് രവീന്ദ്ര ജഡേജ. 2756 റൺസും 220 വിക്കറ്റുകളും താരം ഇന്ത്യയ്ക്കായി നേടിക്കഴിഞ്ഞു.
അതിനിടെ താരത്തിന്റെ പ്രകടനത്തിൽ ആശങ്കയില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ഭാവിയിലേക്ക് ഇന്ത്യൻ ടീമിനായി മികച്ച താരങ്ങളെ കണ്ടെത്തണം. ടെസ്റ്റ് ക്രിക്കറ്റിൽ ജഡേജ മികച്ച താരമാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ താരത്തിന്റെ പ്രകടനം ഏറെ മികച്ചതാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നിൽ കണ്ട് ജഡേജയെ ഇനിയും ടീമിലേക്ക് പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.