ലണ്ടന്‍: മികച്ച യോര്‍ക്കറുകള്‍ എറിയുന്ന താരത്തെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തറിനെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച യോര്‍ക്കറുകള്‍ക്കുടമയായി സ്‌റ്റെയ്ന്‍ വിശേഷിപ്പിച്ചത്. ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അടക്കമുള്ള താരങ്ങളെ അവഗണിച്ചാണ് സ്റ്റെയ്ന്‍ അക്തറെ തിരഞ്ഞെടുത്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ ഏത് താരത്തിന്റെ പേരിലാണെന്ന ഐലന്‍ഡ് ക്രിക്കറ്റിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സ്റ്റെയ്ന്‍. 1999ലെ ലോകകപ്പില്‍ ഷുഹൈബ് അക്തര്‍ എറിഞ്ഞതാണ് മികച്ച യോര്‍ക്കര്‍ എന്നായിരുന്നു സ്‌റ്റെയ്‌ന്റെ പ്രതികരണം. പ്രത്യേകിച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെതിരെ എറിഞ്ഞത് എന്ന് ഐലന്‍ഡ് ക്രിക്കറ്റ് മറുപടിയെന്നോണം കുറിക്കുകയും ചെയ്തു. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനായ ഫ്‌ളെമിങ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യപരിശീലകനുമാണ്.
99 World Cup, Shoaib Akhtar. 😳
— Dale Steyn (@DaleSteyn62) July 20, 2024
കൃത്യമായ യോര്‍ക്കറുകള്‍ക്ക് പേരുകേട്ട താരമാണ് ലസിത് മലിംഗ. ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ഏറ്റവും ഫലപ്രദമായ ഡെലിവറികളിലൊന്നാണ് യോര്‍ക്കറുകള്‍. ബാറ്റ്‌സ്മാന്‍മാരുടെ കാല്‍വിരലുകളെ ലക്ഷ്യം വെച്ച് എറിയുന്ന പന്തുകള്‍ കൃത്യമായ ലക്ഷ്യത്തിലെത്തിയാല്‍ കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കും. മറിച്ച് ഡെലിവറി പാളിപ്പോയാല്‍ ബാറ്റര്‍മാര്‍ക്ക് യഥേഷ്ടം റണ്‍സ് സ്‌കോര്‍ ചെയ്യാനും സാധിക്കുകയും ചെയ്യും. എതിര്‍ടീമിന്റെ ബാറ്റ്‌സ്മാന്‍ ഓരോ പന്തിലും ബൗണ്ടറികള്‍ അടിക്കാന്‍ ലക്ഷ്യമിടുന്ന ഡെത്ത് ഓവറിലാണ് ബൗളര്‍മാര്‍ ഈ പന്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.