'ഹാര്‍ദ്ദിക്കിനോട് ചെയ്ത അനീതി'; നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെതിരെ മുന്‍ ഇന്ത്യന്‍ കോച്ച്

'സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയത് തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്'

dot image

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തുനിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റിയതിനെതിരെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സഞ്ജയ് ബംഗാര്‍. ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഉപനായകനായിരുന്നു ഹാര്‍ദ്ദിക്ക്. എന്നാല്‍ താരത്തെ മറികടന്ന് സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേയ്ക്ക് എത്തുകയായിരുന്നു. ടി20യില്‍ നിന്ന് വിരമിച്ച രോഹിത് ശർമ്മയുടെ പിന്‍ഗാമിയായി ഹാര്‍ദ്ദിക്കിനെ നിയമിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും താരത്തോട് കാണിച്ച അനീതിയാണിതെന്നും ബംഗാര്‍ പറഞ്ഞു.

'ഹാര്‍ദ്ദിക്കിന് ടി20 നായകസ്ഥാനം നല്‍കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു കളിക്കാരന്‍ എന്ന നിലയില്‍ സെലക്ടര്‍മാര്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും പുതിയ പരിശീലകന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും എപ്പോഴും മനസ്സിലാക്കണം. എന്നാല്‍ തന്നെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഹാര്‍ദിക്കിനെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു.

'സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയത് തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുന്നതിന് മുന്‍പ് സൂര്യകുമാറിന് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ നയിച്ചുള്ള പരിചയമുണ്ട്. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ ഇന്ത്യയെ നയിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. പക്ഷേ ഹാര്‍ദിക്കിനോട് ചെറിയ അനീതി ഉണ്ടായതായി എനിക്ക് ഇപ്പോഴും തോന്നുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image