ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്കുള്ള പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. പരിശീലകന്‍ ഗൗതം ഗംഭീറുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. പരിക്കിനെ തുടര്‍ന്ന് ഏകദിന ലോകകപ്പിന് പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുഹമ്മദ് ഷമിയെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലെത്തിക്കാനാണ് ലക്ഷ്യമെന്ന് അഗാര്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരൊക്കെ ടീമിലുണ്ടാകുമെന്ന് ഏറെക്കുറെ അറിയാം. പരിക്ക് കാരണം ടീമിന് പുറത്തുള്ള താരങ്ങള്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഷമി ബൗളിങ് പരിശീലനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇത് നല്ല സൂചനയാണ്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചെത്തിക്കാനാണ് ലക്ഷ്യം', അഗാര്‍ക്കര്‍ വ്യക്തമാക്കി.
2023ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പിനിടെയാണ് മുഹമ്മദ് ഷമിക്ക് പരിക്കേറ്റത്. ഇതിനുപിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിലാണ് ഷമി ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. അതിനുശേഷം ഐപിഎല്ലും ടി20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു.