ഇസ്ലാമാബാദ്: താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും അപകടകാരിയായ ബൗളറെ വെളിപ്പെടുത്തി പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസറും ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സിനെയാണ് തന്റെ കരിയറില്‍ ഇതുവരെ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗറളായി ബാബര്‍ തിരഞ്ഞെടുത്തത്. യൂട്യൂബ് ചാനലില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സുമായുള്ള റാപ്പിഡ് ഫയര്‍ റൗണ്ടിനിടെയാണ് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പ്രതികരണം.
സംഭാഷണത്തിനിടെ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറുടെ പേരുപറയാന്‍ ഡി വില്ലിയേഴ്‌സ് ആവശ്യപ്പെട്ടപ്പോള്‍ പാറ്റ് കമ്മിന്‍സ് എന്നാണ് ബാബര്‍ പറഞ്ഞത്. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനുമായ ഡി വില്ലിയേഴ്‌സും ബാബര്‍ പറഞ്ഞതിനോട് യോജിക്കുകയും ചെയ്തു. 'അതെ, ഞാനും അതിനോട് യോജിക്കുന്നു. കമ്മിന്‍സ് വളരെ മികച്ചവനാണ്. ഞാന്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഠിനമായ ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം', ഡി വില്ലിയേഴ്‌സ് പറഞ്ഞു.
മൂന്ന് ഫോര്‍മാറ്റിലെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. 62 ടെസ്റ്റ് മത്സരങ്ങളിലെ 115 ഇന്നിങ്‌സില്‍ നിന്ന് 269 വിക്കറ്റുകളും 88 ഏകദിന മത്സരങ്ങളില്‍ നിന്ന് 141 വിക്കറ്റുകളും 57 ടി20 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റുകളുമാണ് കമ്മിന്‍സിന്റെ സമ്പാദ്യം. അതേസമയം കമ്മിന്‍സിനെതിരെ ബാബറിന് മാന്യമായ റെക്കോര്‍ഡാണുള്ളത്. ഓസീസ് പേസര്‍ ബാബറിനെ ടെസ്റ്റില്‍ മൂന്ന് തവണയും ഏകദിനത്തില്‍ ഒരു തവണയും മാത്രമാണ് പുറത്താക്കിയിട്ടുള്ളത്. അതേസമയം ടി20യില്‍ ഇതുവരെ ബാബറിനെ പുറത്താക്കാന്‍ കമ്മിന്‍സിന് സാധിച്ചിട്ടില്ല.