ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ വിരമിക്കല്‍ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന് ഇന്ത്യയുടെ മുന്‍ ബൗളിങ് കോച്ച് പരാസ് മാംബ്രെ. ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെയാണ് സീനിയര്‍ താരങ്ങള്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. തീരുമാനത്തെ കുറിച്ച് ഒരു തരത്തിലുള്ള ചര്‍ച്ചയും ഉണ്ടായിരുന്നില്ലെന്നും താരങ്ങളുടെ പടിയിറക്കം ഞെട്ടിച്ചെന്നും തുറന്നുപറയുകയാണ് മാംബ്രെ.
'കോഹ്‌ലിയും രോഹിത്തും ജഡേജയും വിരമിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇതുസംബന്ധിച്ച് നേരത്തെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭാഷണവും ഉണ്ടായിട്ടില്ല. വ്യക്തിപരമായി രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്നാല്‍ ടീമിലെയോ കോച്ചിങ് സ്റ്റാഫുകളിലെയോ മറ്റാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം അല്‍പ്പം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു', ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മാംബ്രെ തുറന്നുപറഞ്ഞു.
'ഈ താരങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ പടിയിറക്കത്തിന് ഇതിലും നല്ലൊരു അവസരം ഉണ്ടായെന്നുവരില്ല അല്ലേ? ഒരു ദശാബ്ദത്തോളം കാലം ടീമിന്റെ ഭാഗമായ താരങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. വിരാട് കോഹ്‌ലി 2011 ലോകകപ്പിന്റെയും ഭാഗമായിരുന്നു. 2011ന് ശേഷം ഒരു ലോകകപ്പ് വിജയിക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. തീര്‍ച്ചയായും ഒരു ലോകകപ്പിനായി അദ്ദേഹം അത്രമേല്‍ ആഗ്രഹിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ അതിയായി ആഗ്രഹിക്കുന്ന ഒരു കാര്യം നേടിക്കഴിഞ്ഞാല്‍ ഒരു താരമെന്ന നിലയില്‍ തന്റെ യാത്ര പൂര്‍ണമായെന്ന് സ്വാഭാവികമായും കരുതും', മാംബ്രെ വ്യക്തമാക്കി.
'ലോകകപ്പ് വിജയത്തിനുശേഷം പ്രത്യേകിച്ച് അവരുടെ കരിയര്‍ കടന്നുപോകുന്ന ഘട്ടത്തില്‍ തങ്ങള്‍ ഒരിക്കലും ചെറുപ്പമല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. നിങ്ങള്‍ സ്വയം തിരഞ്ഞെടുക്കേണ്ട ഘട്ടം വരും. പ്രായം കൂടുന്തോറും ഏത് ഫോര്‍മാറ്റുകളാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുകയും ചിലപ്പോള്‍ ചില ഫോര്‍മാറ്റുകളില്‍ നിന്ന് പടിയിറങ്ങേണ്ടിവരികയും ചെയ്യും. ലോകകപ്പ് നേട്ടത്തെക്കാള്‍ വലിയ ലക്ഷ്യം തങ്ങള്‍ക്കില്ലെന്ന തോന്നലാവാം അവരെ വിരമിപ്പിക്കാന്‍ പ്രേരിപ്പിച്ചത്', മാംബ്രെ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് നേടി ഒരു മണിക്കൂറിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് തന്റെ തീരുമാനം വെളിപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് ജഡേജയും പ്രഖ്യാപിക്കുകയായിരുന്നു.