പാരിസ്: വിംബിൾഡണും ഗ്രാൻഡ്സ്ലാമും കടന്ന് പാരിസിലെ ടെന്നീസിലെ മെഡലുകൾ തേടി ലോക കായിക മാമാങ്കത്തിൽ റാക്കറ്റേന്തുന്നത് പ്രമുഖർ. പുരുഷ, വനിത സിംഗ്ൾസ്, ഡബ്ൾസ് ഇനങ്ങൾക്ക് പുറമെ അഞ്ചാമതൊരിനമായി മിക്സഡ് ഡബ്ൾസും ഇത്തവണ മെഡൽ ഇനമായി പാരിസ് ഒളിംപിക്സിനുണ്ട് . ഫ്രഞ്ച് ഓപ്പൺ വേദിയായ റൊളാങ് ഗാരോസിലാണ് ഒളിംപിക്സിലെ ടെന്നീസ് മത്സരങ്ങൾ നടക്കുക.
കന്നി ഒളിമ്പിക്സിനെത്തുന്ന കാർലോസ് അൽകാരസ് എന്ന യുവനായകൻ തന്നെയാണ് പുരുഷന്മാരിൽ കിരീട സാധ്യത കൽപിക്കപ്പെടുന്നവരിൽ മുന്നിൽ. ഫ്രഞ്ച് ഓപ്പണിലും തൊട്ടുപിറകെ വിംബ്ൾഡണിലും കിരീടവുമായി ഇതിനകം നാല് ഗ്രാൻഡ് സ്ലാമുകൾ സ്വന്തമാക്കി കുതിക്കുന്ന 21കാരൻ സ്പെയിനിന് ടെന്നിസിൽ സ്വർണം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ്. വിംബ്ൾഡൺ ഫൈനലിൽ അൽകാരസിനോട് കഴിഞ്ഞ രണ്ട് ഫൈനലിലും തോറ്റ ജോക്കോവിച്ചും സ്വർണ്ണം തേടി പാരിസിലെത്തുന്നുണ്ട്. ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളുടെ റെക്കോഡ് തനിക്ക് കൂടിയായിട്ടും ഒളിമ്പിക്സിൽ താരത്തിന് സ്വർണം പിടിക്കാനായിട്ടില്ല. അടുത്തിടെ പരിക്കിന്റെ പിടിയിൽനിന്ന് തിരിച്ചുവന്ന 38കാരനായ സ്പാനിഷ് താരം റാഫേൽ നദാൽ ഒളിംപിക്സിലെ മൂന്നാം സ്വർണം തേടിയെത്തുന്നുണ്ട്. 2008ൽ സിംഗ്ൾസിലും 2016ൽ ഡബ്ൾസിലും സ്വർണം നേടിയ താരം 2012, 2020 ഒളിമ്പിക്സുകളിൽ പരിക്കിനെ തുടർന്ന് ഇറങ്ങിയിരുന്നില്ല.
ഇന്ത്യയിൽനിന്ന് സിംഗ്ൾസിൽ സുമിത് നഗലും ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ- ശ്രീറാം ബാലാജി കൂട്ടുകെട്ടും പാരിസിലെത്തുന്നുണ്ട്. ഹീബ്രോൺ ചലഞ്ചർ കിരീടം നേടിയും മറ്റൊരു ചലഞ്ചർ മത്സരത്തിൽ ഫൈനൽ കളിച്ചും തുടർച്ചയായി രണ്ടാം തവണയാണ് സുമിത് ഒളിമ്പിക്സ് കളിക്കുന്നത്. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ലിയാണ്ടർ പേസ് ഇന്ത്യക്കായി ടെന്നിസിൽ വെങ്കലം നേടിയതാണ് ഈയിനത്തിൽ രാജ്യം ഇതുവരെ കുറിച്ച നേട്ടം. ജർമൻ താരം അലക്സാണ്ടർ സ്വരേവ് (പുരുഷ സിംഗ്ൾസ്), സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച് (വനിത സിംഗ്ൾസ്), ക്രൊയേഷ്യൻ ജോടികളായ നികൊളാ മെക്റ്റിച്- മേറ്റ് പാവിച് (പുരുഷ ഡബ്ൾസ്), ചെക്ക് റിപ്പബ്ലിക്കിൽനിന്നെത്തുന്ന ബാർബറ ക്രജസിക്കോവ- കാതറിന സിനിയകോവ (വനിത ഡബ്ൾസ്), റഷ്യയുടെ അനസ്താസ്യ പാവ്ലിയുചെൻകോവ- ആൻഡ്രി റുബലേവ് (മിക്സഡ് ഡബ്ൾസ്) എന്നിവരാണ് നിലവിലെ ഒളിംപിക്സ് ചാമ്പ്യന്മാർ.