ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചതില്‍ വിശദീകരണവുമായി കോച്ച് ഗൗതം ഗംഭീര്‍. ജൂലൈ 27ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും തിരിച്ചുവിളിച്ചപ്പോള്‍ ബുംറയ്ക്ക് മാത്രമാണ് വിശ്രമം അനുവദിച്ചത്. അജിത്ത് അഗാര്‍ക്കറുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
'ജസ്പ്രീത് ബുംറയെപ്പോലുള്ള താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹം ഇന്ത്യയുടെ റെയര്‍ ബൗളറാണ്. എല്ലാ പ്രധാനപ്പെട്ട മത്സരങ്ങളിലും ടീമിന് അത്യാവശ്യമായ താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ബുംറയെ പോലുള്ള ഫാസ്റ്റ് ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് പ്രധാനമാവുന്നത്', ഗംഭീര്‍ വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ബുംറ കാഴ്ച വെച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 15 വിക്കറ്റുകള്‍ വീഴ്ത്തി ബുംറ ടീമിന്റെ നിര്‍ണായകസാന്നിധ്യമാവുകയായിരുന്നു. 8.26 ശരാശരിയിലും 4.17 ഇക്കോണമിയിലുമാണ് ബുംറ പന്തെറിഞ്ഞത്. ടി 20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ബുംറ സ്വന്തമാക്കിയിരുന്നു.