കൊളംബോ: ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് വിളിച്ച ആദ്യ ടീം മീറ്റിങ്ങില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈ 27ന് ആരംഭിക്കുന്ന ടി20 പര്യടനത്തിനായി ശ്രീലങ്കയിലെത്തിയതാണ് ടീം ഇന്ത്യ. പരിശീലനത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ വിളിച്ച ടീമംഗങ്ങളുടെ യോഗത്തില്‍ നിന്ന് പാണ്ഡ്യ വിട്ടുനിന്നുവെന്നും പിന്നീട് കോച്ച് ഗൗതം ഗംഭീര്‍ ഇടപെട്ടുവെന്നുമാണ് ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രീലങ്കന്‍ പര്യടനത്തിനായി എത്തിയ ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍ ഇന്ന് നടന്നിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ പരിശീലനത്തിന് മുന്നോടിയായി സൂര്യകുമാര്‍ യാദവ് വിളിച്ച കൂടിക്കാഴ്ചയിലാണ് ഹാര്‍ദ്ദിക് പങ്കെടുക്കാതിരുന്നത്. താരം എത്താതിരുന്നതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ പിന്നീട് നടന്ന പരിശീലന സെഷനില്‍ ഹാര്‍ദ്ദിക് എത്തുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി നായക സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹാര്‍ദ്ദിക്കിന്റെ അതൃപ്തി ഇതുവരെ പരിഹരിക്കപ്പെട്ടില്ലെന്നും ടീമിലെ പിണക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.
അതിനിടെ ഹാര്‍ദ്ദിക്കുമായി കോച്ച് ഗംഭീര്‍ ഒരുപാട് സംസാരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സന്തോഷമുള്ള ഡ്രസിങ് റൂമുകളാണ് വിജയത്തിലേക്കുള്ള വഴിയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള ഗംഭീര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.