വനിത ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; ബം​ഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചു

ശ്രീലങ്ക-പാകിസ്താൻ രണ്ടാം സെമിയിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും

dot image

ധാക്ക: വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമന്റിൽ ഇന്ത്യ ഫൈനലിൽ. 10 വിക്കറ്റിന് ബം​ഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കലാശപ്പോരിന് യോ​ഗ്യത നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി പറഞ്ഞ ഇന്ത്യൻ വനിതകൾ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

സെമി ഫൈനലിൽ ടോസ് നേടിയ ബം​ഗ്ലാദേശ് വനിതകൾ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗർ സുല്‍ത്താനയും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തറും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി രേണുകാ സിംഗ് നാല് ഓവറിൽ ഒരു മെയ്ഡനടക്കം 10 റണ്‍സ് വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്തു. രാധാ യാദവ് നാല് ഓവറിൽ ഒരു മെയ്ഡനടക്കം 14 റണ്‍സ് വിട്ട് നൽകിയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി പറഞ്ഞ ഇന്ത്യയ്ക്കായി ഷഫാലി വർമ്മയും സ്മൃതി മന്ദാനയും പതിവുപോലെ മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഷഫാലി വർമ്മ 28 പന്തുകൾ നേരിട്ട് 26 റൺസ് നേടി. രണ്ട് ഫോറുകൾ ഉൾപ്പെട്ടതായിരുന്നു ഷഫാലിയുടെ ഇന്നിം​ഗ്സ്. സ്മൃതി മന്ദാന 39 പന്തുകൾ നേരിട്ട് 55 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു മന്ദാനയുടെ ഇന്നിം​ഗ്സ്. ഇന്ന് തന്നെ നടക്കുന്ന ശ്രീലങ്ക-പാകിസ്താൻ രണ്ടാം സെമിയിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us