ധാംബുള്ള: വനിതാ ഏഷ്യ കപ്പിൽ ഫൈനൽ ലക്ഷ്യം വെച്ച് സെമിയിൽ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാൻ, യുഎഇ, നേപ്പാൾ ടീമുകൾക്കെതിരെ നേടിയ ഉജ്വല വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെയിറങ്ങുന്നത്. ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സെമിയിലേക്ക് കടന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഇന്ത്യ വരുന്നത്. പാകിസ്താനെ ഏഴ് വിക്കറ്റിനും നേപ്പാളിനെ 82 റൺസിനും യു എ ഇയെ 78 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. തായ്‌ലാൻഡിനെ ഏഴ് വിക്കറ്റിനും മലേഷ്യയെ 114 റൺസിനും തോൽപ്പിച്ച ബംഗ്ലാദേശ് പക്ഷെ ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയോട് ഏഴ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഉച്ചയ്ക്ക് 2 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം കാണാം. രാത്രി 7ന് നടക്കുന്ന രണ്ടാം സെമിയിൽ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടും.