ഇസ്ലാമാബാദ്: ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്‍ താരം ഷുഹൈബ് മാലിക്. ക്യാപ്റ്റന്‍സി ഒഴിഞ്ഞാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും മെച്ചപ്പെടുകയും ചെയ്യാന്‍ ബാബറിന് സാധിക്കുമെന്നാണ് മാലിക് അഭിപ്രായപ്പെടുന്നത്. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്റെ ദയനീയ പരാജയത്തിന് ശേഷം ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാലിക്കിന്റെ നിര്‍ദേശം.
'ഉയര്‍ച്ചകളും താഴ്ചകളും ജീവിതത്തിന്റെ ഭാഗമാണ്. ഈ സമയത്ത് ബാബര്‍ ശക്തമായി നിലകൊള്ളുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറയുകയാണെങ്കില്‍ ബാബര്‍ ഒരു കളിക്കാരനായി മാത്രം കളിക്കണമെന്നതാണ് എന്റെ അഭിപ്രായം. കളിക്കാരനായി മാത്രം കളിക്കുമ്പോള്‍ ടീമിന് വേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയും. അതുകൊണ്ട് അദ്ദേഹം നേതൃസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കണം,' ക്രിക്കറ്റ് പാഷന് നല്‍കിയ അഭിമുഖത്തില്‍ മാലിക് പറഞ്ഞു.
ട്വന്റി 20 ലോകകപ്പില്‍ ബാബര്‍ അസം നയിച്ച പാക് ടീം പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായ രണ്ടാം ഐസിസി ടൂര്‍ണമെന്റിനിറങ്ങിയ മെന്‍ ഇന്‍ ഗ്രീന്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നും ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കമെന്നും നിര്‍ദേശിച്ച് മാലിക് രംഗത്തെത്തിയത്.