ന്യൂഡല്ഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. കോച്ചായി അരങ്ങേറിയ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റനായി അരങ്ങേറിയ സൂര്യകുമാർ യാദവിന്റെ കീഴിൽ എല്ലാ യുവതാരങ്ങളും മികച്ച പ്രകടനമാണ് ഇന്ത്യക്കായി പരമ്പരയിൽ നടത്തിയത്. ഇപ്പോൾ ഇന്ത്യൻ ടീമിലെ യുവ ഓപ്പണർമാരായ ശുഭ്മൻ ഗില്ലിനെയും യശസ്വി ജയ്സ്വാളിനെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
ഇരുതാരങ്ങളെയും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ജോഡികളായ സൗരവ് ഗാംഗുലി- സച്ചിൻ ടെണ്ടുൽക്കർ സഖ്യത്തോടാണ് ഉത്തപ്പ ഉപമിച്ചിരിക്കുന്നത്. ജയ്സ്വാളും ഗില്ലും ഒരുമിച്ച് ക്രീസിലൂടെ നടന്നുപോകുന്നത് കാണുമ്പോൾ തനിക്ക് സൗരവ് ഗാംഗുലിയെയും സച്ചിൻ ടെണ്ടുൽക്കറെയുമാണ് ഓർമ വരുന്നത് എന്ന് ഉത്തപ്പ പറയുന്നു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ഇതിന്റെ കാരണവും ഉത്തപ്പ വ്യക്തമാക്കി.
സൂപ്പര് ഓവറില് ആശ്വാസ വിജയം കൈവിട്ട് ശ്രീലങ്ക; പരമ്പര തൂത്തുവാരി ഇന്ത്യ'ഗില്ലിനെയും ജയ്സ്വാളിനെയും ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവരെ കാണുമ്പോൾ സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും ഒരുമിച്ച് നടന്നുപോകുന്നതാണ് എന്നെ ഓർമ്മിപ്പിക്കുന്നത്. ഗാംഗുലിയെയും ടെണ്ടുൽക്കറെയും പോലെ തന്നെ കൃത്യമായി പരസ്പരം സഹകരിച്ചും അഭിനന്ദിച്ചുമാണ് ഈ താരങ്ങളും കളിക്കുന്നത്. തങ്ങളുടെ തന്ത്രങ്ങൾ കൃത്യമായി പങ്കുവെച്ച് മുന്നേറാൻ ഇരുതാരങ്ങൾക്കും സാധിക്കുന്നുണ്ട്. ജയ്സ്വാളും ഗില്ലും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ എനിക്ക് അങ്ങനെയാണ് കാണാൻ സാധിക്കുന്നത്', ഉത്തപ്പ പറഞ്ഞു.
ഗില്ലും ജയ്സ്വാളും ഇന്ത്യക്കായി ഇതുവരെ ഒൻപത് ഇന്നിങ്സുകളിലാണ് ഓപ്പൺ ചെയ്തിട്ടുള്ളത്. ഒൻപത് ഇന്നിങ്സുകളിൽ നിന്ന് 64.5 ശരാശരിയിൽ 516 റൺസാണ് ഇരുവരും സ്വന്തമാക്കിയത്. അതേസമയം ഏകദിന ക്രിക്കറ്റിൽ തന്നെ ഏറ്റവും വിജയകരമായ സഖ്യമായ ഗാംഗുലി- സച്ചിൻ സഖ്യം136 ഇന്നിംഗ്സുകളിൽ നിന്ന് 6609 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. 49.32 എന്ന ശരാശരിയിലാണ് ഇരുവരുടെയും നേട്ടം. കയ്യടക്കിയത്. 21 തവണ സെഞ്ച്വറി കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്.