ന്യൂഡല്ഹി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ഒന്നാം മത്സരം സമനിലയിലായിരിക്കുകയാണ്. മത്സരത്തില് അര്ഷ്ദീപ് സിങ്ങിന്റെ വിക്കറ്റ് കടുത്ത വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുടെ സമനിലയ്ക്ക് പ്രധാന കാരണമായത് അര്ഷ്ദീപ് സിങ്ങിന്റെ പുറത്താകലാണ്. സ്കോര് തുല്യതയില് നില്ക്കവെ അവസാനക്കാരനായ അര്ഷ്ദീപ് നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് ശ്രമിച്ചപ്പോള് വിക്കറ്റിന് മുന്നില് കുരുങ്ങി പുറത്താവുകയായിരുന്നു. ഇന്ത്യക്ക് ജയിക്കാന് ഒരു സിംഗിള് മാത്രം വേണമെന്നിരിക്കെ അര്ഷ്ദീപിന്റെ മോശം ഷോട്ട് സെലക്ഷനാണ് ഇന്ത്യയ്ക്ക് വിജയിക്കാനാവാതെ പോയതിന് കാരണം. എന്നാല് ഇന്ത്യയുടെ സമനിലയ്ക്ക് കാരണം അര്ഷ്ദീപല്ല ശുഭ്മന് ഗില്ലാണെന്ന് പറയുകയാണ് മുന് താരം സബ കരീം.
ശുഭ്മാന് ഗില് എറിഞ്ഞ ഓവറാണ് മത്സരത്തില് ശ്രീലങ്ക താളം പിടിക്കാന് കാരണമായതെന്നാണ് മുന് ഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റര് കരീമിന്റെ വിമര്ശനം. മത്സരത്തില് ഒരു ഓവര് എറിഞ്ഞ ഓപ്പണര് ഗില് 14 റണ്സ് വിട്ടുകൊടുത്തിരുന്നു. ഈ ഓവറിലാണ് ശ്രീലങ്ക മത്സരം വരുതിയിലാക്കിയതെന്നും ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും മുന് സെലക്ടര് കൂടിയായ കരീം പറഞ്ഞു.
'നീ എന്തിനാണ് എന്നെ നോക്കുന്നത്?'; മത്സരത്തിനിടെ വാഷിങ്ടണ് സുന്ദറിനോട് രോഹിത്, വൈറല്'ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില് റിങ്കു സിങ്ങിലൂടെയും റിയാന് പരാഗിലൂടെയും സൂര്യകുമാര് പരീക്ഷിച്ച തന്ത്രമായിരുന്നു ഇന്നലെ രോഹിത്തിന്റെ മനസ്സില്. ശുഭ്മന് ഗില് ആദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റില് പന്തെറിയാനെത്തുന്നത്. അദ്ദേഹത്തിന്റെ ഓവറാണ് ലങ്കയ്ക്ക് കാര്യങ്ങള് അനുകൂലമാക്കിയത്', കരീം വ്യക്തമാക്കി.
'ഗില്ലിന് പകരം ശിവം ദുബെയ്ക്ക് ഓവര് നല്കാമായിരുന്നെന്നും കരിം പറഞ്ഞു. ഈ ഗ്രൗണ്ടില് ഇന്ത്യയ്ക്ക് ഒരു അധിക സ്പിന് ഓപ്ഷന് ആവശ്യമായിരുന്നു. ഇത് കണക്കിലെടുത്ത് ദുബെയ്ക്ക് കുറച്ചുകൂടി ഓവറുകള് രോഹിത്തിന് നല്കാമായിരുന്നു. എന്നാല് അവര് ഗില്ലിനെ പരീക്ഷിച്ചു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു', അദ്ദേഹം കൂട്ടിച്ചേര്ത്തു. മത്സരത്തില് നാല് ഓവര് എറിഞ്ഞ ശിവം ദുബെ 19 റണ്സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.