വനിതാ ടി20 ലോകകപ്പ് ആരംഭിക്കാന് ആഴ്ചകള് മാത്രം ബാക്കിനില്ക്കെ വേദി മാറ്റാന് ഐസിസി ആലോചിക്കുന്നതായി റിപ്പോര്ട്ട്. ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ലോകകപ്പിന്റെ വേദി ബംഗ്ലാദേശാണ്. എന്നാൽ ആഭ്യന്തരകലാപത്തെ തുടര്ന്ന് ബംഗ്ലാദേശിലെ സ്ഥിതിഗതികള് മോശമായതിനെ തുടര്ന്നാണ് ഐസിസി വേദിമാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്. പുതിയ വേദിയായി ഇന്ത്യയെ തിരഞ്ഞെടുക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.
'ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡുമായി (ബിസിബി) ചേര്ന്ന് രാജ്യത്തെ സംഭവവികാസങ്ങള് നിരീക്ഷിച്ചുവരികയാണ് ഐസിസി. ലോകകപ്പില് പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുന്ഗണന', ഐസിസിയുടെ വക്താവ് അറിയിച്ചതായി ക്രിക്ബസ് റിപ്പോര്ട്ട് ചെയ്തു.
ഒക്ടോബര് മൂന്ന് മുതല് 20 വരെ ബംഗ്ലാദേശിലെ ധാക്കയിലും സില്ഹറ്റിലുമായി ലോകകപ്പ് നടത്താനായിരുന്നു ഐസിസി തീരുമാനം. എന്നാല് ആഭ്യന്തരകലാപത്തെ തുടര്ന്നുള്ള അക്രമസംഭവങ്ങള് രൂക്ഷമായതിനെ തുടര്ന്നാണ് ലോകകപ്പിന്റെ വേദി സംബന്ധിച്ച് ഐസിസി രണ്ടാമതൊന്ന് ചിന്തിച്ചത്. ഇന്ത്യയെ കൂടാതെ യുഎഇയും ശ്രീലങ്കയും ബദല് വേദികളുടെ ബാക്കപ്പ് പട്ടികയിലുണ്ട്.