മെൽബൺ: ആസ്ട്രേലിയൻ വനിത എ ടീമിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ മലയാളി കരുത്തിൽ ഇന്ത്യക്ക് ആശ്വാസ ജയം. ക്യാപ്റ്റനായ മലയാളി താരം മിന്നു മണിയും മറ്റൊരു മലയാളി താരം സജന സജീവനും തിളങ്ങിയ മത്സരത്തിൽ 171 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആസ്ട്രേലിയൻ വനിതകൾ പരമ്പര സ്വന്തമാക്കിയിരുന്നു.
ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തേജൽ ഹസാബ്നിസ് (66 പന്തിൽ 50), രാഘ്വി ബിസ്ത് (64 പന്തിൽ 53) എന്നിവരുടെ അർധസെഞ്ച്വറികളുടെയും സജന സജീവൻ (49 പന്തിൽ 40), മിന്നു മണി (56 പന്തിൽ 34) എന്നിവരുടെ മികച്ച ബാറ്റിങ്ങിന്റെയും പിൻബലത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് ഇന്ത്യൻ വനിതകൾ നേടിയത്.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ വെറും 72 റൺസിന് കൂടാരം കയറുകയായിരുന്നു. അഞ്ചോവറിൽ 14 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത പ്രിയ മിശ്രയാണ് ഓസീസിനെ ബാറ്റിങ്ങിനെ എറിഞ്ഞിട്ടത്. മിന്നു മണി 2.1 ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടി ബൗളിങ്ങിലും തിളങ്ങിയപ്പോൾ മേഘ്ന സിങ്, യഷസ്രി, സൈക ഇസ്ഹാഖ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ബംഗാൾ: ഗ്യാലറിയിലെ ചിരവൈരികൾ ചരിത്രത്തിലാദ്യമായി കൊൽക്കത്ത തെരുവിൽ കൈകോർത്തു