ചാരമായിട്ടില്ല, ത്രിപ്പിളടിച്ച വെടിമരുന്ന് ഇനിയും ബാക്കിയുണ്ട്; തകർപ്പൻ സെഞ്ച്വറിയുമായി കരുൺ നായർ

വീരേന്ദ്ര സെവാഗിനു ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടിയ താരമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട കരുണിന് പക്ഷേ, പിന്നീട് ഫോം നഷ്ടപ്പെടുകയും ഐപിഎല്ലിൽ നിന്ന് പോലും അവസരം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു

dot image

കരിയറിലെ മൂന്നാം ടെസ്റ്റില് തന്നെ ട്രിപ്പിള് സെഞ്ചുറി നേടി സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും ഇന്ത്യൻ ടീമില് പിന്നീട് വേണ്ടത്ര അവസരം ലഭിക്കാത്ത താരമാണ് മലയാളി താരം കരുണ് നായര്. ഇപ്പോൾ ഇതാ അദ്ദേഹം തിരിച്ചുവരവിന്റെ പാതയിലാണ്. കര്ണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില് മാംഗ്ലൂര് ഡ്രാഗണ്സിനെതിരെ മൈസൂര് വാരിയേഴ്സിന്റെ ക്യാപ്റ്റനായി ഇറങ്ങി വെടിക്കെട്ട് സെഞ്ചുറിയുമായാണ് കരുണ് നായര് തന്റെ ഫോമിലേക്കുള്ള വരവ് ആഘോഷിച്ചത്.

48 പന്തില് പുറത്താവാതെ 124 റണ്സാണ് കരുണ് നേടിയത്. 27 റണ്സിന് മൈസൂര് ടീം മംഗളൂരു ടീമിനെ തോല്പ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത മൈസൂരുവിന് വേണ്ടി കരുണ് നായര് കത്തിക്കയറുകയായിരുന്നു. കരുണിന്റെ സെഞ്ച്വറി മികവിൽ 4 വിക്കറ്റിന് 226 എന്ന മികച്ച ടോട്ടലിലേക്കും മൈസൂരു ടീമെത്തി. മംഗളൂരു ടീമിന്റെ ബാറ്റിങ് പകുതിയായപ്പോള് മഴ വില്ലനായെത്തി. ഇതോടെ വിജയ ലക്ഷ്യം 14 ഓവറില് 166 റണ്സാക്കി പുനര്നിശ്ചയിച്ചു. ഒടുവില് 27 റണ്സിന്റെ ജയം മൈസൂരു ടീം നേടിയെടുക്കുകയും ചെയ്തു.

തുടക്കം മുതല് തല്ലിത്തകര്ത്ത കരുണ് നായര് 27 പന്തില് ആണ് അര്ധ സെഞ്ച്വറി പൂര്ത്തിയാക്കിയത്. പിന്നീട് നേരിട്ട 13 പന്തില് അദ്ദേഹം സെഞ്ച്വറിയിലേക്കുമെത്തി. 9 സിക്സും 13 ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. 258.33 സ്ട്രൈക്ക് റേറ്റിലായിരുന്നു കരുണിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

വീരേന്ദ്ര സെവാഗിനു ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടിയ താരമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട കരുണിന് പക്ഷേ, പിന്നീട് ഫോം നഷ്ടപ്പെടുകയും ഐപിഎല്ലിൽ നിന്ന് പോലും അവസരം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കൊപ്പം വലിയ ഭാവിയുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും പരിക്കും കരുണിന് വില്ലനായി.

2016 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു കരുൺ നായര് 381 പന്തില് 303 റണ്സുമായി പുറത്താകാതെ നിന്നത്. എന്നാല് ട്രിപ്പിള് അടിച്ചതിന് പിന്നാലെ പിന്നീട് കളിച്ച മൂന്ന് ടെസ്റ്റുകളില് തിളങ്ങാനാവാതെ പോയതോടെ ടീമില് നിന്ന് പുറത്താവുകയായിരുന്നു. പിന്നീട് തിരിച്ചുവരവിന് അവസരം ലഭിച്ചതുമില്ല.

32കാരനായ കരുണ് ആറ് ടെസ്റ്റില് നിന്ന് 62.33 ശരാശരിയില് 374 റണ്സാണ് നേടിയത്. രണ്ട് ഏകദിനം കളിച്ച അദ്ദേഹം 46 റണ്സും നേടി. 76 ഐപിഎല്ലാണ് ഇതുവരെ അദ്ദേഹം കളിച്ചത്. 23 ശരാശരിയില് 1496 റണ്സാണ് കരുണ് നേടിയത്. ഏതായാലും ഈ തകർപ്പൻ ഇന്നിങ്സോടെ അടുത്ത ഐപിഎൽ മെഗാ താരലേലത്തിൽ വലിയൊരു ഇംപാക്ട് കരുൺ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ആറ് ഐപിഎല് സീസണുകളില് ആകെ എട്ട് മത്സരങ്ങളില് മാത്രമാണ് കരുണ് നായർക്ക് കളിക്കാന് അവസരം ലഭിച്ചിരുന്നത്.

dot image
To advertise here,contact us
dot image