ജഡേജയ്ക്കൊപ്പം കളിക്കണം, ഇന്ത്യൻ ടെസ്റ്റ് ടീമിൽ താൻ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് തമിഴ്നാട് സ്പിന്നർ

'രാജ്യത്ത് നിലവിലുള്ളവരിൽ മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാൻ എന്നാണ് കരുതുന്നത്. എന്നെ ടെസ്റ്റ് ടീമിലേക്കു കൂടി പരിഗണിക്കൂ. അവിടെ കളിക്കാൻ ഞാൻ തയാറാണ്.'

dot image

ഇന്ത്യൻ ടീമിൽ താൻ സ്ഥാനം അർഹിക്കുന്നുണ്ടെന്നും രവീന്ദ്ര ജഡേജയ്ക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി തമിഴ്നാട് സ്പിന്നർ സായ് കിഷോർ. 'ചെന്നൈ സൂപ്പർ കിങ്സിൽ ഞാൻ ജഡേജയ്ക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, റെഡ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിനൊപ്പം കളിച്ചിട്ടില്ല. ജഡേജയ്ക്കൊപ്പം ഒരു അവസരം ലഭിച്ചാൽ നല്ലൊരു അനുഭവമായിരിക്കും. എനിക്ക് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. ഞാൻ തയാറാണ്’ – സായ് കിഷോർ പറയുന്നതിങ്ങനെ.

'ഇപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം തോന്നുന്നു. ഇത്തരമൊരു ശൈലിയിൽ ഞാൻ ഇതുവരെ പരിശീലിച്ചിട്ടില്ല. രാജ്യത്ത് നിലവിലുള്ളവരിൽ മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാൻ എന്നാണ് കരുതുന്നത്. എന്നെ ടെസ്റ്റ് ടീമിലേക്കു കൂടി പരിഗണിക്കൂ. അവിടെ കളിക്കാൻ ഞാൻ തയാറാണ്. ഈ പ്രീ സീസണിലേതുപോലെ കഴിഞ്ഞ 4–5 വർഷമായി ഞാൻ പരിശീലനത്തിന് ഇത്രയധികം സമയം ചെലവഴിച്ചിട്ടില്ല. ഇത്തവണ തമിഴ്നാട് പ്രിമിയർ ലീഗിനു ശേഷം എനിക്ക് 15–20 ദിവസം ഇടവേള ലഭിച്ചു. അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാണ് ശ്രമം.' സായ് മനസ് തുറന്നതിങ്ങനെയാണ്.

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ദുലീപ് ട്രോഫി ടീമിൽ സായ് കിഷോർ ഇടം പിടിച്ചിരുന്നു. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ തിരഞ്ഞെടുക്കാനിരിക്കെയാണ്, താൻ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാൻ തയാറാണെന്ന സായ് കിഷോറിന്റെ പ്രഖ്യാപനം.

രാജ്യാന്തര ട്വന്റി20യിൽ ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട് സായ് കിഷോർ. തമിഴ്നാടിനായി 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 54 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. സായ് കിഷോർ ഐ പി എല്ലിൽ ഗുജറാത്തിനു വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടാൻ താരത്തിനു കഴിഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us