സിഡ്നി: ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ബോര്ഡര്- ഗാവസ്കര് ട്രോഫി ആഷസ് പരമ്പരയ്ക്ക് തുല്യമാണെന്ന് സ്റ്റാര് പേസര് മിച്ചല് സ്റ്റാര്ക്ക്. നവംബര് 26ന് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയായ ബോര്ഡര് ഗാവസ്കര് ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതീക്ഷ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു സ്റ്റാര്ക്ക്. ഇന്ത്യന് ടീം ശക്തമാണെങ്കിലും പരമ്പര ഓസ്ട്രേലിയ തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോള് അഞ്ച് മത്സരങ്ങള് ആയതുകൊണ്ടുതന്നെ ഞങ്ങള്ക്ക് ഇത് ആഷസ് പരമ്പരയ്ക്ക് തുല്യമാണ്', സ്റ്റാര്ക്ക് വൈഡ് വേള്ഡ് ഓഫ് സ്പോര്ട്സിനോട് പറഞ്ഞു. 'സ്വന്തം തട്ടകത്തിലെ എല്ലാ മത്സരങ്ങളും ഞങ്ങള്ക്ക് വിജയിക്കണം. ഇന്ത്യ വളരെ കരുത്തരായ ടീമാണെന്ന് ഞങ്ങള്ക്കറിയാം. നിലവില് ലോക ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയും രണ്ടാമത് ഇന്ത്യയുമാണ്. അതുകൊണ്ടുതന്നെ ആരാധകര്ക്കും കളിക്കാര്ക്കും വളരെ ആവേശം നല്കുന്ന ഒരു പരമ്പരയായിരിക്കും ഇത്തവണത്തേത്. ജനുവരി എട്ടിന് ഒരു ട്രോഫി കൂടി ഞങ്ങളുടെ ഷെല്ഫിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.', സ്റ്റാര്ക്ക് പറഞ്ഞു.
ജയ്സ്വാളിന് പ്രതീക്ഷ വേണ്ട, ചാമ്പ്യന്സ് ട്രോഫിയില് ബാക്കപ്പ് ഓപ്പണര് ആവും: ദിനേശ് കാര്ത്തിക്അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നവംബര് 26 മുതല് 30 വരെയാണ് നടക്കുക. രണ്ടാം ടെസ്റ്റ് ഡിസംബര് ആറ് മുതല് 10 വരെയും മൂന്നാം മത്സരം 14 മുതല് 18 വരെ നടക്കും. നാലാം ടെസ്റ്റ് 26 മുതല് 30 വരെയും നടക്കുമ്പോള് അവസാനത്തെയും അഞ്ചാമത്തെയും മത്സരം 2025 ജനുവരി മൂന്ന് മുതല് ഏഴ് വരെയുമാണ് നടക്കുക.
മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് ബോര്ഡര്-ഗാവസ്കര് ട്രോഫിക്ക് വേണ്ടി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങള് കളിക്കുന്നത്. ഇതിനുമുന്പ് 1991-92 സീസണിലാണ് ടൂര്ണമെന്റില് അഞ്ച് മത്സരങ്ങള് അരങ്ങേറിയിട്ടുള്ളത്.
അതേസമയം 201415 മുതല് ബോര്ഡര്ഗാവസ്കര് ട്രോഫിയില് മുത്തമിടാന് ഓസീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലില് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ട് ബോര്ഡര് ഗാവസ്കര് പരമ്പരയും ഇന്ത്യയാണ് വിജയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് നേടുന്നതിന് ഇരുടീമുകള്ക്കും ഈ പരമ്പര ഏറെ നിര്ണായകമാണ്.