2023 ലെ ഏകദിനലോകകപ്പ് ഫൈനലിൽ തങ്ങൾ അന്നത്തെ ഓസീസിന്റെ വിജയശിൽപിയും സെഞ്ച്വറിവീരനുമായ ട്രാവിസ് ഹെഡിനെ പുറത്താക്കാനുള്ള വക്കിൽ വരെയെത്തിയിരുന്നെങ്കിലും ഭാഗ്യം അന്ന് തങ്ങളോടൊപ്പമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ കോച്ചും ഇതിഹാസതാരവുമായ രാഹുൽ ദ്രാവിഡ്.
രാഹുൽ ദ്രാവിഡിന്റെ ഇന്ത്യൻ കോച്ചിങ് കാലം അവസാനിച്ചത് ഈ വർഷത്തെ ടി20 ലോകകപ്പോടു കൂടിയാണ്. ടൂർണമെന്റിൽ ഇന്ത്യ 17 വർഷത്തിനു ശേഷം ടി20 കിരീടം ചൂടുകയും ചെയ്തിരുന്നു. 2013 നു ശേഷമുള്ള ഒരു ഐസിസി ട്രോഫി കിരീടനേട്ടം കൂടിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. എങ്കിലും കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് കിരീടം നേടുമെന്ന് ഏതാണ്ടുറപ്പിച്ച് ടൂർണമെന്റിൽ സ്വപ്നസമാനയാത്ര നടത്തിയ രോഹിത്തും സംഘവും ഫൈനലിൽ ഓസീസിനു മുന്നിൽ കിരീടം അടിയറ വെച്ചത് ഇന്ത്യൻ ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. ദ്രാവിഡിന്റെ കരിയറിലെ പൊൻതൂവലാവേണ്ടിയിരുന്ന ഏകദിന കിരീടനേട്ടം കപ്പിനും ചുണ്ടിനുമിടയിലാണ് അന്ന് നഷ്ടപ്പെട്ടത്.
ഫൈനലിൽ ഇന്ത്യ വിജയപ്രതീക്ഷകളുമായി ഇറങ്ങിയെങ്കിലും ഓസീസ് ഓപണർ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിക്കരുത്തിൽ 6 വിക്കറ്റിനായിരുന്നു പാറ്റ് കമ്മിൻസിന്റേയും സംഘത്തിന്റേയും വിജയം. സ്വന്തം മണ്ണിൽ മറ്റൊരു കിരീടനേട്ടം സ്വപ്നം കണ്ട ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ആ തോൽവി.
അന്നത്തെ ഫൈനലിനെ പറ്റിയുള്ള ദ്രാവിഡിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിനം നടന്ന സിയറ്റ് അവാർഡ് വേദിയിലായിരുന്നു ദ്രാവിഡിന്റെ ഓർമ പുതുക്കൽ. 'അന്ന് ഞങ്ങൾ ഏതാണ്ട് ഒരു 15 തവണയെങ്കിലും ട്രാവിസ് ഹെഡിനെ ബീറ്റ് ചെയ്തുള്ള പന്തുകൾ എറിഞ്ഞിരുന്നു. എന്നാൽ ഒരൊറ്റത്തവണ പോലും ആ പന്തുകളിൽ ഒരു എഡ്ജ് ലഭിച്ചില്ല. ചില സമയത്ത് ഭാഗ്യവും മത്സരഫലത്തിൽ നിർണായകമാണ്. ചിലപ്പോൾ അങ്ങനെയും സംഭവിക്കാം.' ദ്രാവിഡ് പറഞ്ഞതിങ്ങനെ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങിയിരുന്നു. പുതിയ ഐപിഎൽ സീസണിൽ ദ്രാവിഡ്, സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മെന്ററാകുമെന്ന അഭ്യൂഹം ശക്തമാണ്.