ജയ്പൂര്: 2025 ഐപിഎല് സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കെ രാജസ്ഥാന് റോയല്സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന വാര്ത്തകളാണ് പുറത്തുവരുന്നത്. റോയല്സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് ടീം വിടുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജസ്ഥാന് റോയല്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല് മീഡിയ ഹാന്ഡിലുകളില് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള് ആരാധകരെ മുഴുവന് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
ജോസ് ബട്ലര് അടക്കമുള്ള സഹരതാരങ്ങള്ക്കും ടീം ഡയറക്ടര് കുമാര് സങ്കക്കാരയ്ക്കുമൊപ്പമുള്ള സഞ്ജുവിന്റെ വ്യത്യസ്തമായ ആഹ്ളാദ നിമിഷങ്ങള് കോര്ത്തിണക്കിയ വീഡിയോയാണ് റോയല്സ് പോസ്റ്റ് ചെയ്തത്. 'മേജര് മിസ്സിങ്' എന്ന ക്യാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും വെച്ചാണ് ടീം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 28 സെക്കന്റ് മാത്രം ദൈര്ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആശങ്ക പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
major missing 😭💗 pic.twitter.com/JLkjh9jjW7
— Rajasthan Royals (@rajasthanroyals) August 23, 2024
ഐപിഎല്ലിന്റെ അടുത്ത സീസണിന് മാസങ്ങള് മാത്രം ശേഷിക്കെ ഫ്രാഞ്ചൈസി എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവിട്ടത് എന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. രാജസ്ഥാന് ക്യാംപില് സഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ചാണോ ഈ പോസ്റ്റ് എന്ന് വ്യക്തമല്ല. അതേസമയം ഐപിഎല് 2025 സീസണില് കുമാര് സങ്കക്കാര രാജസ്ഥാനൊപ്പം ഉണ്ടാകില്ലെന്നും നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണോ പോസ്റ്റ് എന്നതും വ്യക്തമല്ല.
അടുത്ത സീസണില് സഞ്ജുവിനെ രാജസ്ഥാന് നിലനിര്ത്തില്ലെന്ന അഭ്യൂഹങ്ങളും ശക്തമായ സാഹചര്യത്തില് ഈ പോസ്റ്റ് ആരാധകരില് ആശങ്ക പടര്ത്തിയിട്ടുണ്ട്. സഞ്ജുവിനെ സ്വന്തമാക്കാന് ചെന്നൈ സൂപ്പര് കിങ്സും ഡല്ഹി ക്യാപിറ്റല്സും സജീവമായി രംഗത്തുണ്ടെന്നും റിപ്പോര്ട്ടുകളുണ്ട്. റോയല്സ് നിലനിര്ത്തിയില്ലെങ്കില് ലേലത്തില് സഞ്ജുവിനെയും കാണാന് സാധിക്കും. അതേസമയം വിശ്വസ്തനായ താരത്തെ രാജസ്ഥാന് വിട്ടുകളയരുതെന്ന അഭ്യര്ത്ഥനയുമായി നിരവധി ആരാധകരും രംഗത്തുണ്ട്.
Fact Check: കെ എല് രാഹുല് വിരമിക്കല് പ്രഖ്യാപിച്ചോ?; വൈറല് പോസ്റ്റിനു പിന്നിലെ വാസ്തവമറിയാം2013ല് രാജസ്ഥാന് കുപ്പായത്തിലാണ് സഞ്ജു തന്റെ ഐപിഎല് യാത്ര ആരംഭിക്കുന്നത്. രാജസ്ഥാന് വിലക്കേര്പ്പെടുത്തിയ മൂന്ന് വര്ഷങ്ങളില് താരം ഡല്ഹി ക്യാപിറ്റല്സിന് വേണ്ടി കളിക്കുകയും ചെയ്തു. 2021ല് രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജുവിന് അടുത്ത സീസണില് ടീമിനെ ഫൈനല് വരെ എത്തിക്കാന് സാധിച്ചു. കഴിഞ്ഞ സീസണില് സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് വരെ എത്തിയെങ്കിലും രണ്ടാം ക്വാളിഫയറില് ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.