ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പടലപ്പിണക്കങ്ങളുമായി ബന്ധങ്ങൾ കഴിഞ്ഞ ദിനങ്ങളിലാണ് പുറത്തുവന്നു തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള് ക്യാപ്റ്റൻ ജോസ് ബട്ലറും പരിശീലകസംഘത്തിലെ പ്രധാനിയും ഒരു കാലത്തെ ഇംഗ്ലണ്ട് ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടറും മുൻനായകനുമായ ആന്ഡ്രു ഫ്ലിന്റോഫും തമ്മിലുള്ള അഭിപ്രായഭിന്നതയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ജോസ് ബട്ലറുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കി ഫ്ലിന്റോഫ് ടീം ക്യാംപ് വിട്ടതായിട്ടാണ് ടെലഗ്രാഫ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോള് ടീമിന്റെ താല്ക്കാലിക കോച്ചായ മാര്ക്കസ് ട്രെസ്കോത്തിക് തന്നെ തല്ക്കാലം കോച്ച് ആയി തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഹ്രസ്വകാലത്തേക്കുള്ള കൺസൾട്ടന്റായിട്ടായിരുന്നു ഫ്ലിന്റോഫിനെ ഇംഗ്ലീഷ് പരിശീലകസംഘത്തിൽ ഉൾപ്പെടുത്തിയത്. മാത്രവുമല്ല, കഴിഞ്ഞ ടി20 ലോകകപ്പിന്റെ സമയത്ത് ഇംഗ്ലീഷ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്നു ഫ്ലിന്റോഫ്. ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷമാണ് വൈറ്റ് ബോള് ടീം പരിശീലകനായ മാത്യു മോട്ടിനെ മാറ്റി പകരം മാര്ക്കസ് ട്രെസ്കോത്തിക്കിന് ഇംഗ്ലണ്ട് പരിശീലകന്റെ താല്ക്കാലിക ചുമതല നല്കിയത്. അതിനൊപ്പം ഫ്ലിന്റോഫ് ടീമിനൊപ്പം തുടരുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരായ വൈറ്റ് ബോള് പരമ്പരയില് ഫ്ലിന്റോഫ് ഇംഗ്ലണ്ട് ടീമിലെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായി ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയിലാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്.
ഫ്ലിന്റോഫ് ടീം വിട്ടെങ്കിലും ബട്ലര് ക്യാപ്റ്റനായി തുടരുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്ഡ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മുൻ ഇംഗ്ലീഷ് ഓപണറായ ട്രെസ്കോത്തിക്കിനെ തന്നെ മുഴുവന് സമയ കോച്ചായി ഇംഗ്ലണ്ട് നിയമിച്ചേക്കുമെന്ന് റിപ്പോര്ട്ടുണ്ട്. ബട്ലറും ട്രെസ്കോത്തിക്കും തമ്മിലുള്ള ദീർഘകാലസൗഹൃദം ട്രെസ്കോത്തിക്കിനെ മുഴുവൻ സമയ കോച്ചായി നിയമിക്കപ്പെടാൻ ഗുണകരമാവുമെന്നാണ് കരുതുന്നത്.